
സോഷ്യൽ മീഡിയ വഴി പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. നിരവധി പേർ വഞ്ചിക്കപ്പെടുകയും, വലിയ തുകകൾ അക്കൗണ്ടുകളിൽ നിന്ന് നഷ്ടപ്പെടാറുമുണ്ട്. അത്തരത്തിലൊരു തട്ടിപ്പാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിന്റെ പേരിൽ നടക്കുന്നത്.
ആമസോണിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് വിലകൂടിയ ഫോണുകൾ ഉൾപ്പടെയുള്ള സമ്മാനങ്ങൾ ലഭിക്കുമെന്ന രീതിയിലുള്ളതാണ് സന്ദേശം. ഇതാണ് വാട്‌സാപ്പിലും മെസഞ്ചറിലും പ്രചരിക്കുന്നത്. സന്ദേശത്തിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ ഒരു സൈറ്റിലേക്കാണ് പോകുക.
ആമസോൺ സൈറ്റിന്റെ ലേ ഔട്ടിനോട് സമ്യമുള്ളതിനാൽ പലരും വിശ്വസിക്കും. ഇവിടെ ഒരു സർവേയിൽ പങ്കെടുക്കാമോ എന്ന ചോദ്യമുണ്ടാകും. ഇതിന് ഉത്തരം കൊടുത്താൽ വിവിധ ചോദ്യങ്ങളുണ്ടാകും. അതുകഴിഞ്ഞാൽ വിവിധ ബോക്‌സുകൾ പ്രത്യക്ഷപ്പെടും.ഇതിൽ സമ്മാനമുണ്ടാകും. ഇത് കിട്ടണമെങ്കിൽ സന്ദേശം വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണമെന്ന സന്ദേശം കിട്ടും.
ഈ സന്ദേശത്തിന് പിന്നാലെ പോയാൽ പണവും വ്യക്തി വിവരങ്ങളും നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗദ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇതിന്റെ യുആർഎൽ ശ്രദ്ധിച്ചാൽ തന്നെ ആമസോണിന്റെതല്ലെന്ന് മനസിലാക്കാൻ പറ്റും.