ഇളവെയിലും തെളിനീരും പോലെ പരിശുദ്ധമായ പാട്ടുകളൊരുക്കിയ മഹാസംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ
68-ാ ം ജന്മവാർഷികമാണ് ഇന്ന്

ആർദ്ര സംഗീതത്തിന്റെ പേരാണ് ജോൺസൺ മാസ്റ്റർ. മലയാളികളുടെ സുഖമുള്ള നൊസ്റ്റാൾജിയയ്ക്ക് ഒരിക്കലും മരണമില്ലെന്ന് ആ പാട്ടുകൾ എന്നും ഓർമിപ്പിക്കുന്നു. മരിക്കാത്ത ആ ഈണങ്ങൾക്ക് മുന്നിൽ ഓരോ മലയാളികളും സ്നേഹപ്പൂക്കൾ അർപ്പിക്കുന്നു. മലയാളത്തിന്റെ ജോൺ മാസ്റ്റർക്ക് ഇന്ന് 68 -ാം ജന്മവാർഷികം.'എന്റെ മൺവീണയിൽ"അലിഞ്ഞു തീരാത്ത മലയാളികളുണ്ടോ,'അനുരാഗിണി .."പ്രണയത്തിലാഴ്ത്താത്ത കമിതാക്കളുണ്ടോ,'മധുരം ജീവാമൃത ബിന്ദു.." കേൾക്കുമ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത വിങ്ങൽ വരാത്തവരുണ്ടോ, 'ആടി വാ കാറ്റേ" ...കുളിരണിയിപ്പിക്കാത്ത ഹൃദയങ്ങളുണ്ടോ,'മെല്ലെ മെല്ലെ മുഖപടം" ...ഇന്നും കേൾക്കുമ്പോൾ ആ പാട്ടിനൊപ്പം ഒഴുകാത്തവരുണ്ടോ, 'തങ്കത്തോണി "..ഇന്നും സുന്ദരമാണ്... അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത എത്രയെത്രെ ഗാനങ്ങൾ. ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതം കൊണ്ട് തിരശീലയിൽ അത്ഭുതമായി മാറിയ എത്ര സിനിമകൾ. ഓരോ ഈണത്തിന്റെയും ഭാവത്തെ അത്രയും സൂക്ഷ്മയോടെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന സംഗീതം. പകരക്കാരനില്ലാത്ത അതുല്യ പ്രതിഭ. മുന്നോറോളം സിനിമകൾക്ക് വേണ്ടി സംഗീതം ചിട്ടപ്പെടുത്തി.
ദേവരാജൻ മാസ്റ്ററുടെ സഹായിയായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തി. പശ്ചാത്തല സംഗീതത്തിൽ അത്ഭുതം സൃഷ്ടിച്ചു . ചെയ്ത സംഗീതമെല്ലാം മനോഹരമാക്കി.1978 മുതൽ 2011 വരെ മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി.പദ്മരാജൻ, സത്യൻ അന്തിക്കാട്, കൈതപ്രം തുടങ്ങിയവരുടെ കൂട്ടുക്കെട്ടിൽ മലയാളികളുടെ മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ഒട്ടേറെ ഗാനങ്ങൾ ജനിച്ചു. ആദ്യമായി സംഗീതത്തിനുള്ള ദേശിയ അവാർഡ് മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് ജോൺസൺ മാസ്റ്ററാണ്. 2011 ഓഗസ്റ്റ് 18 നായിരുന്നു ജോൺസൺ വിടപറഞ്ഞത്.