income-tax

തിരുവനന്തപുരം: കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന എന്നാണ് വിവരം. കരാറുകാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു.

ഇ.ഡിക്കുപിന്നാലെയാണ് ആദായനികുതി വകുപ്പും കിഫ്ബി പദ്ധതി സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. കിഫ്ബി പദ്ധതിയുടെ വിശദാംശങ്ങൾ തേടി ആദായനികുതി വകുപ്പ് നേരത്തേ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്നായിരുന്നു നോട്ട‌ീസിൽ ആവശ്യപ്പെട്ടിരുന്നത്. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ ഇ.ഡിയും നോട്ടീസ് അയച്ചിരുന്നു.

ആദായനികുതി വകുപ്പ് നൽകിയ നോട്ടീസിൽ പദ്ധതിയുടെ വിശദാംശങ്ങൾക്കൊപ്പം അഞ്ചുവർഷത്തിനിടെ കരാറുകാർക്ക് നൽകിയിട്ടുള്ള പണത്തിന്റെ വിശദാംശങ്ങളും നൽകണമെന്നാവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റിൽ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് കൈറ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്.

കിഫ്ബിക്ക് മേൽ ഇ.ഡി നടത്തുന്ന അന്വേഷണങ്ങളെ സംസ്ഥാന സർക്കാർ ശക്തമായി എതിർക്കുകയാണ്. കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഇ ഡി വിളിപ്പിച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ ബി ജെ പിയെ സഹായിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്നാണ് സംസ്ഥാനസർക്കാരിന്റെ പ്രധാന ആക്ഷേപം.