
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ പ്രായം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മരണമടഞ്ഞവരിൽ 88 ശതമാനമാളുകളും 45 വയസിന് മുകളിലുളളവരാണ് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലാകെ കൊവിഡ് മരണനിരക്ക് 1.37 ആണെങ്കിൽ ഈ പ്രായ വിഭാഗക്കാരിൽ 2.85 ആണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അഭിപ്രായപ്പെട്ടു. 45 വയസിന് മുകളിലുളളവർക്ക് ഏപ്രിൽ ഒന്നുമുതൽ വാക്‌സിൻ കുത്തിവയ്പ്പ് എടുക്കാമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്.
45 വയസിന് മുകളിലുളളവർ ഏറ്റവും സംരക്ഷണം ആവശ്യമുളളവർ ഈ വിഭാഗത്തിൽപെട്ടവരാണെന്ന് രാജേഷ് ഭൂഷൺ അഭിപ്രായപ്പെട്ടു. അതിനാലാണ് ഏപ്രിൽ ഒന്നുമുതൽ ഇവർക്ക് വാക്‌സിനേഷൻ ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജനിതക വ്യതിയാനം വന്ന കൊവിഡ് വൈറസ് ബാധിച്ചവരുടെ 771 കേസുകൾ കണ്ടെത്തി. 736 കേസുകൾ യു.കെ വകഭേദമാണ്. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.
രാജ്യത്ത് പ്രധാനമായും യു.കെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക വകഭേദങ്ങളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിലും ഡൽഹിയിലും വ്യാപകമായ കൊവിഡ് വകഭേദങ്ങളെ ഇനിയും കൂടുതൽ നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. കൊവിഡ് ആക്‌ടീവ് കേസുകൾ ഏറ്റവുമധികമുളള പത്ത് സംസ്ഥാനങ്ങളിൽ ഒൻപതും മഹാരാഷ്‌ട്രയിലും ഒന്ന് കർണാടകയിലുമാണ്. പഞ്ചാബിലും കൊവിഡ് കേസുകൾ പ്രതിദിനം ഉയർന്നുവരികയാണ്.
ഗുജറാത്തിൽ പ്രതിദിനം 1700ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മദ്ധ്യപ്രദേശിൽ നിന്നും 1500ഉം. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്ന് യഥാക്രമം 2000,1400 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 5 കോടിയിലേറെ ഡോസ് വാക്‌സിൻ ഇന്നുവരെ ഇന്ത്യയിൽ വിതരണം ചെയ്‌ത് കഴിഞ്ഞു. ഇതിൽ 2.64 കോടിയും 60 വയസിന് മുകളിലുളളവരോ 45നും 60നുമിടയിൽ പ്രായമുളള രോഗബാധിതരോ ആണ്.
കേരളം, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ 92 ശതമാനം ആരോഗ്യപ്രവർത്തകർക്കും ഒന്നാംഘട്ട വാക്‌സിനേഷൻ നടപ്പാക്കി. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 85 ശതമാനം ആരോഗ്യപ്രവർത്തകർക്കും രണ്ടാംഘട്ട വാക്‌സിനേഷനും നൽകി. ആരോഗ്യപ്രവർത്തകർക്ക് വാക്‌സിനേഷൻ നൽകുന്നതിൽ തെലങ്കാന, ഛത്തീസ്ഗഡ്, നാഗാലാന്റ്,പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ഏറെ പിന്നിലാണ്.