
തിരുവനന്തപുരം: കേരളത്തിൽ എൽ ഡി എഫ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടായാൽ അത് സർവ്വനാശമായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാർ തുടർന്നത് പിടിവാശിയായിരുന്നുവെന്നും തുടർഭരണമുണ്ടായാൽ പോളിറ്റ് ബ്യൂറോക്ക് പോലും നിയന്ത്രിക്കാൻ സാധിക്കില്ലെന്നും എ കെ ആന്റണി വ്യക്തമാക്കി.
കേരളത്തിൽ കോൺഗ്രസിന്റെ നേതാവ് കെ പി സി സി പ്രസിഡന്റാണ്. കൂട്ടായ നേതൃത്വമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യു ഡി എഫിൽ തികഞ്ഞ പ്രതീക്ഷയുണ്ട്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഇപ്പോൾ നേതാവായി കാണുന്നില്ല. കേരളത്തിൽ കൂടുതൽ മികച്ച വിജയത്തിന് കൂട്ടായ പ്രവർത്തനമാണ് നല്ലതെന്നാണ് തോന്നിയത്. അത് കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാതിരുന്നതെന്നും ആന്റണി പറഞ്ഞു.
പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിണറായി രീതികൾ മയപ്പെടുത്തി. എൻ എസ് എസ് വിമർശനത്തിൽ പിണറായി മാദ്ധ്യമങ്ങളെ പഴിചാരുകയാണ്. ശബരിമല യുവതി പ്രവേശനത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് ഒരു മന്ത്രി പറയുന്നു. അതെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ആന്റണി കുറ്റപ്പെടുത്തി.
ഗ്രൂപ്പില്ലാത്ത കോൺഗ്രസ് എന്ന ദിവാസ്വപ്നം തനിക്കില്ല. വനിതാ പ്രാതിനിധ്യത്തിൽ എല്ലാ പാർട്ടികളിലും വീഴ്ചയുണ്ടായി. ഈ തെറ്റ് ഇനി ആവർത്തിക്കില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയെകുറിച്ച് നല്ല അഭിപ്രായമാണ്. അദ്ദേഹത്തിന് കോൺഗ്രസിൽ നല്ല സ്വാധീനമുണ്ട്. ഇന്ന് ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കും മുല്ലപ്പള്ളിക്കുമാണ് കേരളത്തിൽ നല്ല സ്വാധീനമുളളതെന്നും ആന്റണി കൂട്ടിച്ചേർത്തു.
യു ഡി എഫ് വിട്ട് പോയ ജോസ് കെ മാണി ചെയ്‌തത് ശരിയായില്ല. അത് ആ പാർട്ടിക്കും ഗുണം ചെയ്യില്ല. കേരളത്തിൽ ബി ജെ പിക്ക് വളരാവുന്നതിൽ പരിധിയുണ്ട്. ആകെ ജയിച്ചത് നേമത്താണ്. അത് രാജഗോപാലിനോടുളള പ്രത്യേക പരിഗണന കൊണ്ടാണെന്നും ആന്റണി കൂട്ടിച്ചേർത്തു. രാഹുലിന് സ്ഥിരതയില്ലെന്നത് ബി ജെ പി പ്രചാരണം മാത്രമാണെന്നും ആന്റണി പറഞ്ഞു. തന്റെ രാജ്യസഭാ കാലം കഴിഞ്ഞാൽ കേരളത്തിലേക്ക് മടങ്ങും. വീണ്ടും രാജ്യസഭാംഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.