
ന്യൂഡൽഹി: കേരളത്തിൽ നിന്നുളള കന്യാസ്‌ത്രീകൾക്കെതിരെ ഉത്തർപ്രദേശിലെ ഝാൻസിയിൽ ബജ്‌രംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ആർഎസ്‌എസിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇനിയൊരിക്കലും ആർഎസ്‌എസിനെ സംഘ് പരിവാർ എന്ന് വിളിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കുടുംബത്തിലുളളവർക്ക് വനിതകളോടും മുതിർന്നവരോടും ബഹുമാനവും അനുകമ്പയും സ്‌നേഹവവുമുണ്ടാകും. ഇതൊന്നും ഈ സംഘടനയിലുളളവർക്ക് ഇല്ല.
ഒരു സമുദായത്തെ മറ്റൊന്നിന് എതിരാക്കാനും ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുമാണ് സംഘപരിവാറിന്റെ ക്രൂരമായ പ്രചാരണവേലകളെന്നും രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു. മാർച്ച് 19ന് ഡൽഹിയിൽ നിന്ന് ഒഡീഷയിലേക്ക് പോയ ട്രെയിനിലെ മലയാളി കന്യാസ്‌ത്രീകളെയാണ് മതം മാറ്റാൻ കൊണ്ടുപോകുന്നു എന്നാരോപിച്ച് ബജ്‌രംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചത്. ഇവർ എബിവിപി പ്രവർത്തകരാണെന്നായിരുന്നു എന്നാൽ സ്‌റ്റേഷൻ മാസ്‌റ്ററുടെ അഭിപ്രായം.