
ലിക്റ്റൻസ്റ്റൈൻ, എന്ന യൂറോപ്യൻ രാജ്യത്തെ അറിയുന്നവർ വളരെ വിരളമാണ്. തിരുവനന്തപുരം നഗരത്തേക്കാളും ചെറുതാണ് യൂറോപ്പിലെ ഈ രാജ്യം. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണിത്. യൂറോപ്പിന്റെ ഗ്രാമീണ ഭംഗിയും കാഴ്ചകളും ലോകത്തിനു മുന്നിലെത്തിച്ച ലിക്റ്റൻസ്റ്റൈൻ സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ്. യൂറോപ്പിന്റെ ഹൃദയഭാഗത്ത് പൂർണ്ണമായും ആൽപ്സിന്റെ ഭാഗമായ ലിച്ചെൻസ്റ്റൈൻ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്.
ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യമായ ലിക്റ്റൻസ്റ്റൈൻന്റെ ആകെ ജനസംഖ്യ 38,000 ആണ്. രാജ്യത്തിന്റെ ആകെ വിസ്തീർണ്ണം വെറും 62 ചതുരശ്രകിലോമീറ്ററാണ്. ഇവിടുത്തെ കൃത്യമായ ജനസംഖ്യ 38,749 ആണ്. യു.എസിലെ ലോസ് ആഞ്ചൽസിന്റെ വലിപ്പത്തേക്കാൾ എട്ടു മടങ്ങ് കുറവാണ് ലിച്ചെൻസ്റ്റൈൻറെ വലിപ്പം. വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിക്റ്റൻസ്റ്റൈൻ. 25 കിലോമീറ്റർ നീളമുള്ള പർവ്വത പ്രദേശമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
ലോകത്ത് വിദേശ രാജ്യങ്ങളുടെ എംബസി ഇല്ലാത്ത രണ്ടേ രണ്ടു രാജ്യങ്ങൾ ലിക്റ്റെൻസ്റ്റൈനും വത്തിക്കാൻ സിറ്റിയുമാണ്. ഈ യൂറോപ്യൻ രാജ്യം സ്ഥിതി ചെയ്യുന്നത് സ്വിറ്റ്സർലൻഡിനും ഓസ്ട്രിയയ്ക്കും മദ്ധ്യേയാണ്. സ്വിറ്റ്സർലൻഡുമായി അതിർത്തിയോ അതിർത്തി നിയന്ത്രണങ്ങളോ ഇവിടെ ഇല്ല. സ്വിറ്റ്സർലൻഡിൽ നിന്ന് ലിച്ചെൻസ്റ്റൈനിലേക്ക് വരുമ്പോൾ പാസ്പോർട്ട് നടപടികളൊന്നും ഇവിടെ കാണാൻ സാധിക്കില്ല. ഷെങ്കൻ വിസയിൽ യാത്ര ചെയ്യുവാണെങ്കിലും ഇവിടേക്ക് പ്രവേശനം സാദ്ധ്യമാണ്. സ്വിസ്-ഫ്രാൻസ് ഔദ്യോഗിക കറൻസിയായി ഉപയോഗിക്കുന്ന ലോകത്തിലെ രണ്ടേ രണ്ടു രാജ്യങ്ങൾ സ്വിറ്റ്സർലൻഡും ലിക്റ്റൻസ്റ്റൈനുമാണ്. യൂറോയും ഇവിടെ സ്വീകരിക്കും.
ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളിലൊന്നു കൂടിയാണ് ലിക്റ്രെൻസ്റ്റൈനും. ഇവിടുത്തെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം രാജ്യത്ത് ഏറ്റവും അവസാനമായി ഒരു കൊലപാതകം നടന്നത് 1997ൽ ആണ്. ഇവിടത്തെ ജയിലുകളിലും വളരെക്കുറച്ച് തടവുകാർ മാത്രമേയുള്ളൂ. രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കുന്നവരെ ഓസ്ട്രിയയിലേക്ക് മാറ്റുകയാണ് പതിവ്. രാത്രികാലങ്ങളിൽ വാതിൽപോലും അടയ്ക്കാതെ കിടന്നുറങ്ങുവാൻ പോലും ധൈര്യമുള്ളവരാണ് ഇവർ.
ലിക്റ്റെൻസ്റ്റൈനിലെ സംസാരഭാഷ ജർമ്മനാണ്. എന്നാൽ പൂർണ്ണമായും ജർമ്മൻ ഭാഷയാണെന്ന് പറയാൻ സാധിക്കില്ല. സ്വിറ്റ്സർലൻഡിലെ ജർമ്മൻ ഭാഷയോട് സാദൃശ്യമുള്ളൊരു ഭാഷയാണ് ഇവിടത്തേത്. ജർമ്മൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നുകൂടിയാണ് ലിക്റ്റൻസ്റ്റൈൻ.
ലോകത്തിലെ ഏറ്റവും ധനികവും സമ്പന്നവുമായ രാജ്യങ്ങളിലൊന്നാണിത്. ഏറ്റവും മികച്ച ജീവിത നിലവാരവും സൗകര്യങ്ങളും ഇവിടെ കാണാൻ കഴിയും. കോർപ്പറേറ്റ് നികുതി നിരക്കുകൾ കുറയ്ക്കാനെടുത്ത നടപടി ഇവിടേക്ക് കമ്പനികളെയും കോർപ്പറേറ്റുകളെയും കൂടുതൽ ആകർഷിക്കുകയും സമ്പദ് വ്യവസ്ഥ അസൂയാവഹമായ വളർച്ച കൈവരിക്കുകയും ചെയ്തു. മൂന്നിലൊന്ന് ആളുകളും കോടീശ്വരന്മാരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിശീർഷ ജി.ഡി.പി 166,726 ഡോളർ ആണ്. ഇലക്‌ട്രോണിക്സ്, ആോഹ നിർമ്മാണം, ദന്ത ഉൽപന്നങ്ങൾ,ഒപ്റ്റിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ മറ്റ് പ്രധാന വ്യവസായങ്ങൾ ഇവിടെ വളരുന്നു.
പൗരന്മാരേക്കാൾ കൂടുതൽ കമ്പനികൾ രജിസ്റ്റർ ചെയ്ത രാജ്യമാണ് ലിക്റ്റൻസ്റ്റൈനുള്ളത്. കമ്പനികൾക്കും ബിസിനസുകൾക്കും വളരാൻ വളരെ അനുയോജ്യമായ സാഹചര്യമാണ് ഇവിടെയുള്ളത്.
ലോകത്തിലെ 20% കൃത്രിമ ദന്തവും ലിക്റ്റൻസ്റ്റൈനിലാണ് നിർമ്മിക്കുന്നത്. ഷാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവോക്ലാർ വിവാഡെന്റ് എന്ന കമ്പനി പ്രതിവർഷം 60 ദശലക്ഷം കൃത്രിമ പല്ലുകൾ ഉത്പാദിപ്പിക്കുന്നു എന്നാണ് കണക്ക്.
ഹൈക്കിംഗ് ആണ് ഇവിടുത്തെ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണം. അതിമനോഹരമായ മുപ്പതോളം ഹൈക്കിംഗ് റൂട്ടുകൾ ഇവിടെയുണ്ട്. ആൽപ്സിന്റെ കാഴ്ചകളും ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരവുമാണ് ഇതിൽ പ്രധാനം.
ഇത്രയും സമ്പന്നമായ രാജ്യമായിട്ടും ലിക്റ്റൻസ്റ്റൈനിൽ രാജ്യത്തിന് സ്വന്തമായി വിമാനത്താവളമില്ല, സ്വിറ്റ്സർലൻഡിലെ സെന്റ് ഗാലെൻ ആൾട്ടെർഹെയ്ൻ വിമാനത്താവളമാണ് ലിക്റ്റൻസ്റ്റൈന് ഏറ്റവും അടുത്ത വിമാനത്താവളം. 50 കിലോമീറ്റർ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ പ്രദേശവാസികൾ കൂടുതലും ഉപയോഗിക്കുന്നത് 120 കിലോമീറ്റർ അകലെയുള്ള സൂറിച്ച് വിമാനത്താവളമാണ്. സൈന്യമില്ലാത്ത രാജ്യം എന്ന പ്രത്യേകതയും ലിക്റ്റൻസ്റ്റൈനിനുണ്ട്.
യൂറോപ്പിൽ ഏറ്റവും കുറച്ച് മാത്രം സഞ്ചാരികളെത്തുന്ന രണ്ടാമത്തെ രാജ്യമാണ് ലിക്റ്റൻസ്റ്റൈനിൽ. ഓരോ വർഷവും ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ്. ഇറ്റലിയാൽ പൂർണ്ണമായും ചുറ്റപ്പെട്ടു കിടക്കുന്ന, ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യമായ സാൻ മാരിനോയിലാണ് യൂറോപ്പിൽ ഏറ്റവും കുറവ് സഞ്ചാരികളെത്തുന്നത്. ലിക്റ്റൻസ്റ്റൈന്റെ തലസ്ഥാന നഗരമാണ് വാഡൂസ്. ഏകദേശം 5,425 ആണ് ഇവിടുത്തെ ജനസംഖ്യ. എന്നാൽ ഇവിടുത്തെ വലിയ നഗരം എന്നു പറയുന്നത് അധികം പ്രസിദ്ധമല്ലാത്ത ഷാൻ പട്ടണമാണ്. വാഡൂസിനേക്കാൾ 583 ഓളം ആളുകളാണ് ഇവിടെയുള്ളത്.