candidate

ചെന്നൈ: എല്ലാ വീട്ടിലും ഒരു മിനി ഹെലികോപ്ടർ, ഓരോ കുടുംബത്തിനും ഒരു കോടി രൂപ , മൂന്ന് നില വീട്, കല്യാണത്തിന് വേണ്ട എല്ലാ ആഭരണങ്ങളും, ചന്ദ്രനിലേക്ക് വിനോദയാത്ര, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് ഒരു റോബോട്ട്, ഓരോ കുടുംബത്തിനും ഒരു ബോട്ട്, ബോട്ട് സവാരി ചെയ്യുന്നതിനുള്ള ജലപാതകൾ, തന്റെ മണ്ഡലം തണുപ്പിക്കാൻ 300 അടി ഉയരമുള്ള കൃത്രിമ മഞ്ഞുപർവതം, ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് വിക്ഷേപണ കേന്ദ്രം... അമ്പരക്കേണ്ട, തമിഴ്നാട്ടിലെ ഒരു സ്ഥാനാർത്ഥിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണിത്.

മധുര സൗത്തിൽ നിന്ന് മത്സരിക്കുന്ന തുലാം ശരവൺ എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുടേതാണ് ഈ വാഗ്ദാന പട്ടിക. രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യങ്ങളിൽ വീഴുന്ന ആളുകളിൽ അവബോധം വളർത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മാദ്ധ്യമ പ്രവർത്തകൻ കൂടിയായ ശരവൺ പറയുന്നത്.

അധികാരത്തിലിരിക്കുമ്പോൾ അവർ ജോലി നൽകാനോ, കാർഷിക മേഖലയെ പരിപോഷിപ്പിക്കാനോ, ശുദ്ധവായു ഉറപ്പാക്കാനോ നദികളെ പരസ്പരം ബന്ധിപ്പിക്കാനോ പ്രവർത്തിക്കുന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് അവർ പണം വാരിയെറിയുകയും ജനങ്ങളെ ശരിയായ തീരുമാനമെടുക്കാൻ അനുവദിക്കാതെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. അവർ രാഷ്ട്രീയം മലിനമാക്കി അതിനെ സമ്പന്നരുടെ സംരക്ഷണമാക്കി മാറ്റിയെന്നും ശരവൺ പറയുന്നു.

കേരളത്തിനൊപ്പം ഏപ്രിൽ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ വമ്പൻ വാഗ്ദ്ധാനങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവെക്കുന്നത്.

ഭരണ കക്ഷിയായ എ.ഐ.എ.ഡി.എം.കെ സൗജന്യ വാഷിംഗ് മെഷീൻ, വീട്ടമ്മമാർക്ക് മാസംതോറും 1500 രൂപ, എല്ലാ കുടുംബത്തിനും സൗജന്യമായി ആറ് പാചകവാതക സിലിണ്ടറുകൾ, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി എന്നിവയാണ് വാഗ്ദ്ധാനം ചെയ്തിരിക്കുന്നത്.

ഒരു ലിറ്റർ പെട്രോളിന് അഞ്ചു രൂപയുടെ കുറവ്, ഡീസലിന് നാല് രൂപയുടെ കുറവ്, വിദ്യാർത്ഥികളുടെ വായ്പ എഴുതി തള്ളുന്നതിനൊപ്പം ഇന്റർനെറ്റോട് കൂടിയ സൗജന്യ ടാബ് തുടങ്ങിയവയാണ് പ്രധാന പ്രതിപക്ഷമായ ഡി.എം.കെയുടെ വാഗ്ദാനങ്ങൾ.

വീട്ടമ്മമാർക്ക് മാസ ശമ്പളമടക്കം അടങ്ങുന്നതാണ് കമലഹാസന്റെ പാർട്ടിയുടെ വാഗ്ദാനങ്ങൾ.