
അയൽവാസിക്കായി തെരച്ചിൽ
ചെറുപുഴ (കണ്ണൂർ): മദ്യപിച്ച് ബഹളംവച്ചത് ചോദ്യം ചെയ്ത വൃദ്ധനെ അയൽവാസി നാടൻ തോക്കുപയോഗിച്ച് വെടിവച്ച് കൊന്നശേഷം രക്ഷപ്പെട്ടു. മലയോര മേഖലയായ കാനംവയൽ ചേന്നാട്ടുകൊല്ലിയിൽ കൊങ്ങോലയിൽ സെബാസ്‌റ്റ്യനാണ് (ബേബി-62) മരിച്ചത്. കർണാടക വനത്തിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് കരുതുന്ന വാടാതുരുത്തേൽ ടോമിയെ പൊലീസ് തെരയുകയാണ്.
ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവം. വെടിയേറ്റ ഉടനെ ബേബിയെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. ബഹളംവച്ചത് ചോദ്യം ചെയ്‌തതോടെ വാക്കേറ്റമുണ്ടായെന്നും ടോമി വീട്ടിനകത്ത് നിന്ന് തോക്കെടുത്തു വന്ന് വെടിയുതിർത്തെന്നും നാട്ടുകാർ പറഞ്ഞു. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായതിനാൽ വർഷങ്ങൾക്ക് മുൻപേ ഭാര്യയും മക്കളും ടോമിയെ ഉപേക്ഷിച്ച് പോയിരുന്നു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലൈസൻസുള്ള തോക്കുകൾ സ്റ്റേഷനുകളിൽ ഹാജരാക്കാൻ നിർദ്ദേശമുണ്ടായിരുന്നു. കള്ളത്തോക്കാണോ ഇയാൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്നതായി ചെറുപുഴ പൊലീസ് പറഞ്ഞു. കണ്ണൂരിന്റെ മലയോര മേഖലയിൽ കള്ളത്തോക്ക് വ്യാപകമാണെന്ന് പരാതിയുണ്ട്. ചെറുപുഴ,പെരിങ്ങോം സ്റ്റേഷൻ പരിധിയിൽ ഇതു സംബന്ധിച്ച് കേസുകളുമുണ്ട്.
ബേബിയുടെ മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാജഗിരി സെന്റ് അഗസ്‌റ്റ്യൻസ് പള്ളിയിൽ സംസ്‌കരിക്കും. ഭാര്യ: മോളി. മക്കൾ: വിപിൻ, സൗമ്യ. മരുമകൻ: ജോജൻ.
പയ്യന്നൂർ ഡിവൈ.എസ്.പി എം.സുനിൽകുമാർ, ചെറുപുഴ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ കെ.വി. ഉണ്ണികൃഷ്‌ണൻ, എസ്.ഐ എം.പി. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.