
തിരുവനന്തപുരം: സ്പോർട്സിനു വേണ്ടി ജീവിതം മാറ്റിവച്ചൊരാൾ... അതാണ് സുകേഷ് രാമകൃഷ്ണപിള്ള എന്ന തിരുവനന്തപുരത്തുകാരൻ. ക്രിക്കറ്റും ഫുട്ബാളും ബാഡ്മിന്റണും ടേബിൾ ടെന്നീസുമെല്ലാം കളിക്കാനും പഠിക്കാനുമായി ലവ് ഓൾ സ്പോർട്സ് എന്ന പേരിൽ തിരുവനന്തപുരം പി.ടി.പി നഗറിൽ സുകേഷ് തുടങ്ങിയ സംരഭം ഒരു കായിക വിപ്ലവത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
ലവ് ഓൾ സ്പോർട്സിലൂടെ നിരവധി പ്രതിഭകളെ കായിക രംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവരാൻ സുകേഷിന് കഴിഞ്ഞു. ഇതിനോടൊപ്പം കളിക്കാൻ സ്ഥലമില്ലാത്തതിനാൽ കായികരംഗത്ത് നിന്ന് വിടപറഞ്ഞ പലർക്കും ലവ് ഓൾ സ്പോർട്സ് വലിയൊരു അവസരമാണ് തുറന്നിട്ടത്. നിരവധിപ്പേർ ബാഡ്മിന്റണും ഫുട്ബാളും ടേബിൾ ടെന്നിസുമെല്ലാം കളിക്കാൻ ഇവിടെയെത്തുന്നുണ്ട്.
കളിച്ചു വളരട്ടെ
കുട്ടിക്കാലത്ത് ക്രിക്കറ്റും ഫുട്ബാളുമെല്ലാം നന്നായി കളിക്കുമായിരുന്നു സുകേഷ്. എന്നാൽ കളിച്ചു ഉയർന്ന് പോകാനുള്ള സാഹചര്യമോ സൗകര്യമോ അന്നില്ലായിരുന്നു. ബാഡ്മിന്റൺ കളിക്കാനായി വീടിനടുത്ത് സൗകര്യങ്ങളില്ലാതിരുന്നതിനാൽ പ്രീഡിഗ്രിക്കാലത്ത് മരുതംകുഴിയിലെ വീട്ടിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെ ശംഖുംമുഖത്തുള്ള ഇൻഡോർ കോർട്ടിൽ പോയാണ് സുകേഷും കൂട്ടുകാരും കളിച്ചിരുന്നത്. കാശില്ലാത്തതിനാൽ പലപ്പോഴം അഞ്ചും പത്തും രൂപയൊക്കെ കടം വാങ്ങിയായിരുന്നു കളി.
എല്ലാവരും ശരാശരിക്കും മുകളിൽ കളിച്ചിരുന്നു. എന്നാൽ ഒരു പ്രോത്സാഹനവും ഗൈഡിംഗും കിട്ടാതിരുന്നതിനാൽ എലൈറ്റ് തലത്തിലേക്ക് ഉയരാൻ ആർക്കും ആയില്ല. തങ്ങളുടെ ഗതി പിൻമുറക്കാർക്ക് ഉണ്ടാകരുത് എന്ന ചിന്തയിലാണ് ലവ് ഓൾ സ്പോർട്സ് ജനിക്കുന്നത്. കായികരംഗത്ത് ഉയരങ്ങളിലത്താൻ ലവ് ആൾ സ്പോർട്സ് കുട്ടികൾക്ക് ഒരു കൈത്താങ്ങകട്ടെയെന്നാണ് സുകേഷിന്റെ പക്ഷം. അഞ്ച് വയസു കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.
പ്രമുഖരുടെ ശിക്ഷണം
വിദേശത്തും സ്വദേശത്തുമെല്ലാം ജോലി ചെയ്ത് സ്വരുക്കൂട്ടിവച്ച പണം കൊണ്ട് 2016 ഒക്ടോബറിലാണ് പി.ടി.പി നഗറിലുള്ള സ്വന്തം സ്ഥലത്ത് 52 സെന്റിൽ ലവ് ഓൾ സ്പോർട്സ് എന്ന പേരിൽ സുകേഷ് അക്കാഡമി കൂടി ഉൾപ്പെടുത്തി കായികസംരംഭം തുടങ്ങുന്നത്. മൂന്ന് ഇൻഡോർ ബാഡ്മിന്റൺ കോർട്ടാണ് ആദ്യം ഉണ്ടായിരുന്നത്. പച്ചപിടിക്കുമോയെന്ന പേടിയുണ്ടായിരുന്നെങ്കിലും കുട്ടികൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. 2017ൽ ലവ് ഓൾ ക്രിക്കറ്റ് എന്ന പേരിൽ അക്കാഡമി തുടങ്ങി. 2019ൽ തിട്ടമംഗലത്ത് 1 ഏക്കറോളം വരുന്ന സ്ഥലത്ത് സോക്കർ പാർക്ക് എന്ന പേരിൽ ഫുട്ബാൾ അക്കാഡമിയും തുടങ്ങി.
ക്രിക്കറ്റിൽ മുൻ കേരള ക്യാപ്ടൻ സോണി ചെറുവത്തൂരും ബാഡ്മിന്റണിൽ ഒളിമ്പ്യൻ ജോസ് ജോർജ്ജും ഹാറുൾ റാവത്തും ഫുട്ബാളിൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാപ്ടനായിരുന്ന അബ്ദുൾ നൗഷാദുമാണ് പരിശീലനം നൽകുന്നത്. കേരള ബ്ലാസ്റ്റേഴ്സുമായും സഹകരണമുണ്ട്. അവരുടെ കോച്ചുമാരുടെ സഹായവുമുണ്ട്. ക്രിക്കറ്റിൽ മാത്രം 110 പേരും ബാഡ്മിന്റണിൽ 70 പേരും ഫുട്ബാളിൽ 50 പേരോളവും പരിശീലനം നേടുന്നു.
കാശില്ലെങ്കിലും സാരമില്ല
സുകേഷിന് ഇതൊരു ബിസിനസല്ല, പാഷനാണ്. പരിശീലനത്തിന് ലവ് ഓൾ സ്പോർട്സ് ഫീസൊന്നും ഈടാക്കുന്നില്ല. കോച്ചിനുള്ള ഫീസ് മാത്രമേയുള്ളൂ. അതിനുള്ള വകയില്ലാത്തവർക്കും പരിശീലനം നൽകും. ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് ഇവിടെ പരിശീലനം ഏറെക്കുറെ സൗജന്യമാണ്. പരിശീലനത്തിനല്ലാതെ ഇവിടെ കളിക്കാനെത്തുന്നവരിൽ നിന്ന് ചെറിയൊരു തുക വാങ്ങുന്നത് മാത്രമാണ് വരുമാനം.
പരിശീലനത്തിന്
സഞ്ജുവും
കൊവിഡ് ലോക്ക്ഡൗൺ കാലത്ത് സഞ്ജു സാംസൺ ലവ് ഓൾ സ്പോർട്സിലാണ് പരിശീലിക്കാൻ എത്തിയത്. മുൻ രഞ്ജി ക്യാപ്ടൻ അനന്തപദ്മനാഭൻ ഐ.സി.സി എലൈറ്റ് പാനൽ അമ്പയറായപ്പോൾ അദ്ദേഹത്തിന്റെ മലയിൻകീഴുള്ള അക്കാഡമി നോക്കാൻ ഏൽപ്പിച്ചത് സുകേഷിനെയാണ്. ശനി, ഞായർ ദിവസങ്ങളിൽ അവിടെയാണ് ലവ് ഓൾ അക്കാഡമിയിലെ കുട്ടികളും പരിശീലനം നേടുന്നത്.
സീന പിള്ളയാണ് സുകേഷിന്റെ ഭാര്യ. ഏഴാം ക്ലാസിൽ പഠിക്കുന്ന മകൾ പത്മശ്രീ ബാഡ്്മിന്റണിൽ വളർന്നു വരുന്ന താരമാണ്.