1-crore

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടിനായി പാർട്ടികൾ പണം നൽകുന്നുവെന്ന ആരോപണത്തിനിടെ അണ്ണാഡി.എം.കെ എം.എൽ.എയുടെ മകന്റെ കാറിൽ നിന്ന് ഒരു കോടി രൂപ പിടിച്ചു. തിരുച്ചിറപ്പള്ളിയിലെ മുസിരി എം.എൽ.എ സെൽവരാശുവിന്റെ മകൻ രാമമൂർത്തിയുടെ കാറിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തത്.

ബുധനാഴ്ച പുലർച്ചെ തിരുച്ചിറപ്പള്ളിയിലെ പൊട്ടവായ്ത്തലയിൽ വച്ച് വാഹനപരിശോധനയ്ക്കിടെയാണ് കാറിനുള്ളിൽ ചാക്കിൽക്കെട്ടിയ നിലയിൽ പണം കണ്ടെത്തിയത്. താലൂക്ക് ഓഫീസിലെത്തിച്ച് എണ്ണിനോക്കിയപ്പോഴാണ് ഒരു കോടി രൂപയുണ്ടെന്നറിഞ്ഞത്. .

എം.എൽ.എയുടെ ഡ്രൈവർ ജയശീലനും രണ്ട് അണ്ണാ ഡി.എം.കെ ജില്ലാ കൗൺസിൽ അംഗങ്ങളും ഉൾപ്പെടെ നാല് പേരെ കസ്റ്റഡിയിലെടുത്തു. പണം മണ്ഡലത്തിലെ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കണക്കിൽപ്പെടാത്ത അൻപത് കോടിയിൽപ്പരം രൂപയാണ് തമിഴ്നാട്ടിൽ നിന്ന് പിടിച്ചെടുത്തത്. അണ്ണാ ഡി.എം.കെയുടെ മുൻമന്ത്രി നത്തം വിശ്വനാഥൻ വോട്ടിന് പണം നൽകിയെന്ന ആരോപണവും ഉയർന്നു. ഇതേതുടർന്ന് ഡി.എം.കെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു.

അതിനിടെ ദക്ഷിണറെയിൽവേയിലെ പ്രബല തൊഴിലാളി യൂണിയനായ സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ നേതാവ് കണ്ണയ്യയുടെ മകൻ പ്രകാശിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഡി.എം.കെ സ്ഥാനാർത്ഥിയ്ക്ക് വേണ്ടി കണ്ണയ്യയും അനുയായികളും പ്രചാരണം നടത്തിയതാണ് റെയ്ഡിന് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.