
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ നടപ്പാതകൾ നിർമിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവായി. ആറു മാസത്തിനകം റോഡ് സുരക്ഷ അതോറിട്ടി കമ്മിഷണർ പദ്ധതി തയാറാക്കി അടുത്ത ആറു മാസത്തിനകം നിർമാണം പൂർത്തിയാക്കണം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാൽ, പച്ചക്കറി, പൂവ് തുടങ്ങിയവയുമായി അമിത വേഗതയിലെത്തുന്ന വാഹനങ്ങളിൽ സ്പീഡ് ഗവർണർ നിർബന്ധമായും ഘടിപ്പിക്കണമെന്നും കമ്മിഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു. ഡ്രൈവറുടെ പ്രായം, ലൈസൻസ്, വാഹനങ്ങളുടെ കാര്യക്ഷമത എന്നിവ കൃത്യമായ ഇടവേളകളിൽ സംസ്ഥാന പൊലീസ് മേധാവിയും ഗതാഗത കമ്മിഷണറും ഉറപ്പു വരുത്തണം.
അന്തർസംസ്ഥാന ഡ്രൈവർമാർ മണിക്കൂറുകളോളം വാഹനമോടിക്കുന്നത് നിരുത്സാഹപ്പെടുത്താനും നടപടി സ്വീകരിക്കണം. റോഡപടകങ്ങൾ ഇല്ലാതാക്കുന്നതിന് എതിർകക്ഷികൾ സ്വീകരിച്ചുവരുന്ന പ്രവർത്തനങ്ങൾ എത്രമാത്രം ഫലപ്രദമാണെന്ന് വിലയിരുത്തി വിശദമായ റിപ്പോർട്ട് കമ്മീഷൻ സമർപ്പിക്കണം. കൊല്ലം ജില്ലയിലെ തെന്മല ഉറുകുന്നിൽ വാൻ ഇടിച്ച് മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ കമ്മിഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി.