
സെപ്‌തംബർ വരെ പോളിസി വാങ്ങാം, പുതുക്കാം
ന്യൂഡൽഹി: കൊവിഡ് ഇൻഷ്വറൻസ് പോളിസികളുടെ വില്പന സെപ്‌തംബർ 30 വരെ തുടരാൻ ഇൻഷ്വറൻസ് കമ്പനികൾക്ക് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആർ.ഡി.എ.ഐ) അനുമതി. ഈമാസം 31ന് അവസാനിക്കേണ്ട കാലാവധിയാണ് നീട്ടിയത്.
കഴിഞ്ഞ ജൂണിലാണ് കൊവിഡ് ഇൻഷ്വറൻസ് പോളിസികൾ പുറത്തിറക്കാൻ കമ്പനികൾക്ക് അനുമതി ലഭിച്ചത്. ജൂലായിൽ 'കൊറോണ കവച്", 'കൊറോണ രക്ഷക്" പോളിസികൾ കമ്പനികൾ വിപണിയിലെത്തിച്ചു. 18-65 വയസുള്ളവർക്കാണ് പോളിസി എടുക്കാനാവുക. ജനുവരി വരെയുള്ള കണക്കുപ്രകാരം 1,000 കോടി രൂപ മതിക്കുന്ന 1.28 കോടി സ്‌റ്റാൻഡേർഡ് ഇൻഷ്വറൻസ് പോളിസികൾ വിറ്റഴിഞ്ഞിട്ടുണ്ട്. മൂന്നര, ആറര, ഒമ്പതരമാസക്കാലാവധികളാണ് പോളിസികൾക്കുള്ളത്.
ആശുപത്രി മുറിവാടക, നഴ്‌സിംഗ്, ഐ.സി.യു., ഡോക്‌ടർ ഫീ, കൺസൾട്ടന്റ് ഫീസ്, പി.പി.ഇ കിറ്ര്, ഗ്ളൗസ് ചെലവുകളും വീട്ടിൽ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലൻസ് ചെലവും ഉൾപ്പെടുത്താവുന്നതാണ് പോളിസികൾ.