terrorist

ശ്രീനഗർ: ജമ്മുകാശ്‌മീർ ശ്രീനഗറിൽ സി.ആർ.പി.എഫ് വാഹന വ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. മൂന്ന് ജവാന്മാർക്ക് ഗുരുതര പരിക്കേറ്റു.

ഇന്നലെ വൈകിട്ട് നാലോടെ ശ്രീനഗറിലെ പ്രാന്തപ്രദേശമായ ലാവപ്പോരയിൽ പെട്രോളിംഗ് നടത്തിയ സി.ആർ.പി.എഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരർ പതിയിരുന്ന് വെടിവയ്ക്കുകയായിരുന്നു. നാല് സി.ആർ.പി.എഫ് ജവാന്മാർക്ക് വെടിയേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ മൂന്ന് ജവാന്മാർ ചികിത്സയിലാണ്.

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തോയിബയാണ് ആക്രമണത്തിന് പിന്നിലെന്ന് ഐ.ജി. വിജയ്‌കുമാർ പറഞ്ഞു.

ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാസൈന്യം പ്രദേശം വളഞ്ഞ് പരിശോധന തുടങ്ങി.

മാർച്ച് 22ന് ജമ്മു കാ‌ശ്‌മീരിലെ ഷോപിയാനിൽവച്ച് ശക്തമായ ഏറ്റുമുട്ടലിനൊടുവിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.