
മുംബയ്: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തു നിറച്ച കാർ കണ്ടെത്തിയ കേസിൽ താൻ ബലിയാടാക്കപ്പെട്ടെന്ന് അറസ്റ്റിലായ മുംബയ് പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ കോടതിയിൽ പറഞ്ഞു.
വാസെയുടെ ആരോപണം തള്ളിയ കോടതി അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി ഏപ്രിൽ മൂന്ന് വരെ നീട്ടി.
വാസേയുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻ.ഐ.എ കോടതിയിൽ പറഞ്ഞു.
വാസെയുടെ വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത 62 വെടിയുണ്ടകൾ കണ്ടെത്തി. അദ്ദേഹത്തിന്റെ സർവീസ് റിവോൾവറിനായി നൽകിയ 30 ബുള്ളറ്റുകളിൽ അഞ്ചെണ്ണം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ബാക്കിയുള്ളവ എവിടെയാണെന്നതിന് വാസെ കൃത്യമായ മറുപടി നൽകിയില്ലെന്നും എൻ.ഐ.എ പറഞ്ഞു.
അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസൂഖ് ഹിരേൻ കൊല്ലപ്പെട്ട കേസിലും വാസെ പ്രതിയാണ്. കേസിൽ വാസെയ്‌ക്കെതിരേ യു.എ.പി.എ ചുമത്തിയത് വാസെയുടെ അഭിഭാഷകൻ കോടതിയിൽ ചോദ്യം ചെയ്തു. സംശയാസ്പദമായ കാറിൽ നിന്ന് ജെലാറ്റിൻ സ്റ്റിക്കുകൾ മാത്രമാണ് കണ്ടെടുത്തത്. ഒരു ഡെറ്റനേറ്ററിന്റെ സഹായമില്ലാതെ ജലാറ്റിൻ ഉപയോഗിച്ച് സ്‌ഫോടനം നടത്താനാകില്ലെന്നും അതിനാൽ ഈ കേസിൽ യു.എ.പി.എ ചുമത്താനാകില്ലെന്നും അഭിഭാഷകൻ വാദിച്ചു.