
അമേരിക്കൻ സംവിധായകൻ മാർട്ടിൻ സ്‌കോർസെയ്‌സിയുടെ 'ഷട്ടർ ഐലൻഡി'ൽ, മാനസികരോഗ ചികിത്സാലയത്തിലെ വാർഡൻ പ്രധാന കഥാപാത്രമായ ടെഡിയോട് പറയുന്ന ഒരു ഡയലോഗുണ്ട്. 'ദൈവം മനുഷ്യന് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് അവനിലെ വയലൻസ്.. ദൈവം ഹിംസയെ സ്നേഹിക്കുന്നു.'-എന്നതാണത്. രോഹിത് വിഎസിന്റെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായി എത്തുന്ന 'കള'യുടെ മുഖമുദ്രയും മനുഷ്യനുള്ളിലെ ഈ ഹിംസയും വന്യതയുമാണ്. ഫ്രെയ്‌മുകളിലും, പശ്ചാത്തല സംഗീതത്തിലും, കഥാപാത്രങ്ങളുടെ മുഖഭാവങ്ങളിലും ഇതേ ഹിംസാത്മകത നിറഞ്ഞുനിൽക്കുന്നു.
ടോവിനോ അവതരിപ്പിക്കുന്ന ഷാജിയുടെ വളർന്നുപടർന്നു കിടക്കുന്ന ദേഹരോമങ്ങളും അയാളുടെ ഇടപെടലുകളും കഥയ്ക്ക് പശ്ചാത്തലമാകുന്ന ചെടികളാലും മരങ്ങളാലും ചുറ്റപ്പെട്ട അയാളുടെ വീടും ഈ ഹിംസയ്ക്കുള്ള ബിംബങ്ങളാണ്. സിനിമ പുരോഗമിക്കുംതോറും ദുരൂഹത നിറഞ്ഞ, ഭീതിയും അനിശ്ചിതത്വവും മുറ്റി നിൽക്കുന്ന അന്തരീക്ഷത്തിലേക്ക് പ്രേക്ഷകൻ പതിയെ വഴുതിവീഴുന്നുണ്ട്. അവിടെനിന്നും രക്ഷപ്പെടാൻ സംവിധായകൻ നിങ്ങളെ അനുവദിക്കുകയുമില്ല.
പതിഞ്ഞ താളത്തിലാണ് 'കള' ആരംഭിക്കുന്നത്. കൃഷി/കച്ചവട കാര്യങ്ങളിൽ കാര്യമായ അറിവില്ലാത്ത ഷാജി അയാളുടെ അച്ഛന്റെ പണം ഏറെ കളഞ്ഞുകുളിച്ചവനാണ്. അതിൽ അതൃപ്തിയുള്ള അയാളുടെ അച്ഛൻ മകനോടും അവന്റെ ഭാര്യയോടും ഒളിഞ്ഞും തെളിഞ്ഞും അത് പ്രകടിപ്പിക്കാറുമുണ്ട്. ഇക്കാരണം കൊണ്ട് തന്റെ അമ്മായിയച്ഛന്റെ ദുർമുഖത്തിൽ നിന്നും വീടിന്റെ അസ്വസ്ഥതയുണ്ടാക്കുന്ന അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെടാൻ ഒരുങ്ങുകയാണ് ഷാജിയുടെ ഭാര്യ. ഭാര്യയുടെ ശാരീരിക സാമീപ്യം ആഗ്രഹിക്കുന്ന(ചിലപ്പോൾ മാനസിക പിൻബലവുമാകാം) ഷാജിയെ അതൽപ്പം അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിലും അയാൾ അവളെ അതിനനുവദിക്കുകയാണ്.

ഇതിനിടയിൽ പുറത്തുനിന്നും വീട്ടിലേക്ക് ചില ജോലിക്കാർ എത്തുന്നതോടെയാണ് സിനിമ അതിന്റെ യഥാർത്ഥ താളം കണ്ടെത്തുന്നത്. തന്റെ മുൻ ചിത്രങ്ങളായ ഇബിലീസ്, അഡ്‌വെഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടൻ എന്നിവയിൽ കാണപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 'കള'യിലെത്തുമ്പോഴും സംവിധായകൻ രോഹിത്തിന് സാധിച്ചിട്ടില്ലെന്നത് ചിത്രത്തിന്റെ വലിയ പരിമിതിയാകുന്നു. ആശയങ്ങളിലെ വ്യക്തതക്കുറവും പൂർണതയില്ലായ്മയും ഇവിടെയും കാര്യമായ കുറവായി മാറുകയാണ്.
പ്രേക്ഷകനെ ബോറടിയുടെ വക്കോളമെത്തിച്ച ശേഷം രണ്ടാം പകുതിയിൽ ജീവൻ വയ്ക്കുന്ന 'കള'യുടെ ഏറ്റവും വലിയ പോരായ്‌മ അതിന്റെ അതിന്റെ ലക്ഷ്യബോധമില്ലായ്മ തന്നെയാണ്. കീഴാള രാഷ്ട്രീയത്തെയാണ് സിനിമ അടിസ്ഥാന പ്രമേയമാക്കുന്നത്. പ്രകൃതിയിലേക്ക് കടന്നുകയറി നാശം മാത്രം വിതച്ച് ലാഭം കൊയ്യുന്ന, മനുഷ്വത്വത്തെയും കരുണയെയും കുറിച്ച് മറന്നുകൊണ്ട് സമ്പത്ത് മാത്രം സ്വപ്നം കാണുന്ന മേലാളൻ ഒരു കാട്ടുപന്നിയായി പരിണമിക്കുമ്പോൾ, അവനെ ശിക്ഷിക്കുമെങ്കിലും, സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും ഭാഷ അവന് മനസിലാക്കിക്കൊടുക്കുന്ന കീഴാളനെയാണ് സിനിമ കാട്ടിത്തരുന്നത്.

എന്നാൽ സിനിമയിൽ കീഴാളനും-ജന്മിയും, അടിമയും-ഉടമയും, ജോലിക്കാരനും-മുതലാളിയും യുദ്ധത്തിലേർപ്പെടുമ്പോൾ ചിത്രത്തിന്റെ തുടക്കത്തിൽ കഥാപാത്രങ്ങളുടെ നോട്ടങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും മറ്റും പ്രേക്ഷകന് മുന്നിലേക്ക് ഇട്ടുകൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സംവിധായകൻ ആ യുദ്ധത്തിൽ മാത്രം അഭിരമിക്കുകയാണ്. കഥയിലെ ആശയം തിരശീലയിലേക്ക് പകർത്തിയപ്പോൾ സംഭവിച്ച പോരായ്മകളും തിരിച്ചടിയാകുന്നുണ്ട്.
എന്നിരുന്നാലും സിനിമയിൽ അഖിൽ ജോർജ്ജ് കാട്ടുന്ന ഛായാഗ്രഹണ പാടവം പ്രശംസ അർഹിക്കുന്നു. ഗേറ്റ് തള്ളിത്തുറക്കുമ്പോൾ പറന്നുപോകുന്ന പുൽച്ചാടിയിൽ തന്റെ ക്യാമറ ഫോക്കസ് ചെയ്യുന്ന അഖിലിന് കഥാപാത്രങ്ങളുടെ മുഖങ്ങളിലെ ക്രൗര്യത്തെയും ഭയത്തെയും ക്രൂരതയെയും കൃത്യമായും അതിസമർത്ഥമായുെം ഒപ്പിയെടുക്കാനും സാധിക്കുന്നുണ്ട്. ഡച്ച് ക്യാമറ ആംഗിളും ഓഫ്ബീറ്റ് ഷോട്ടുകളും കൊണ്ട് 'കള്ള'യുടെ ലോകം അഖിൽ പ്രേക്ഷകന് മുന്നിൽ വരച്ചുകാട്ടുന്നു. സാഹചര്യമനുസരിച്ച് ഛായാഗ്രാഹകൻ പ്രേക്ഷനെ ഇടയ്ക്ക് ഒളിഞ്ഞുനോട്ടക്കാരനുമാക്കുന്നുണ്ട്.
സമാനമായി, ചമൻ ചാക്കോയുടെ താളമുള്ള എഡിറ്റിംഗും 'കള'യെ ഏറെ സഹായിക്കുന്നുണ്ട്. ചുംബിക്കുന്ന ചുണ്ടുകൾക്കിടയിലേക്ക് വൃത്തിയില്ലാത്ത വെറ്റില മുറുക്കുന്ന ചുണ്ടുകൾ കടന്നുവരുന്നതും, പാമ്പിൻ മുട്ടയുടെയും ചിലന്തിവലകളുടെയും ഷോട്ടുകൾ അനുയോജ്യ സന്ദർഭങ്ങളിൽ ഉൾപ്പെടുത്താൻ ചമൻ ശ്രദ്ധിച്ചതും 'കള'യുടെ കഥാപരിസരത്തെ സമ്പന്നമാക്കുന്നുണ്ട്. സിനിമയിലെ സംഘട്ടന രംഗങ്ങളെ ഗംഭീരമാക്കുന്നതിൽ ഇരുവരും വഹിച്ച പങ്ക് ഏറെ വലുതാണ്. ഡോൺ വിൻസെന്റിന്റെ സംഗീതവും സിനിമയെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു.

അഭിനേതാക്കളുടെ മികച്ച പെർഫോമെൻസുകളും എടുത്തുപറയേണ്ടതുതന്നെ. മലയാളത്തിലെ മുൻനിര നടന്മാരുടെയൊപ്പം നിൽക്കാൻ താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് ടോവിനോ തോമസ് 'കള'യിലൂടെ പ്രഖ്യാപിക്കുകയാണ്. പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന ഒതുക്കമുള്ള, സ്നേഹമയിയായ ഭാര്യയുടെ റോളിൽ ദിവ്യ പിള്ളയും കടുപ്പക്കാരനായ, അധികാരവും സമ്പത്തും കൈപ്പിടിയിലൊതുക്കുന്ന പിതാവിന്റെ റോളിൽ ലാലും തിളങ്ങുന്നുണ്ട്.
എന്നാൽ പ്രത്യേകം എടുത്തുപറയേണ്ട പ്രകടനം കാഴ്ചവയ്ക്കുന്നത് ചിത്രത്തിൽ വില്ലനായി(അതോ നായകനോ?) എത്തുന്ന സുമേഷ് മൂർ തന്നെയാണ്. ക്രൂരതയും ശൗര്യവും മുഖത്ത് വരുത്തി പ്രേക്ഷകനെ ഭയപ്പെടുത്തുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന മൂർ പിന്നീട് മറ്റൊരു ഭാവത്തിലേക്ക് മാറുന്നത് കാണേണ്ട കാഴ്ചയാണ്. അൽപ്പം ആഴത്തിൽ പരിശോധിക്കുകയാണെങ്കിൽ 'ഹോം ഇൻവേഷൻ' ഴോണറിന്റെ ഒരു മാറ്റി പ്രതിഷ്ഠിക്കൽ കൂടിയാണ് 'കള'. സമ്പന്നമായ, സുരക്ഷിത്വം നൽകുന്ന, മറ്റുള്ള ജീവിതങ്ങളെ കുറിച്ച് മറക്കാൻ നിർബന്ധിക്കുന്ന സ്വഗൃഹത്തിൽനിന്നും പുറത്തിറങ്ങി, മനുഷ്യത്വത്തോടും സ്നേഹത്തോടും കൂടി സഹജീവിയെ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്ന ഒരു 'റിവേഴ്‌സ് ഹോം ഇൻവേഷൻ' ചിത്രം എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം.
വാൽക്കഷ്ണം: 'കള' എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയേക്കില്ല.