lamela

ലണ്ടൻ : കഴിഞ്ഞ വാരം ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ആഴ്സനലിനെതിരായ മത്സരത്തിൽ ടോട്ടൻഹാം തോറ്റുപോയിരുന്നു.ആഴ്സനൽ രണ്ട് ഗോളുകൾ നേടിയപ്പോൾ ടോട്ടൻഹാമിന് ഒു ഗോളേ നേടാനായുള്ളൂ.പക്ഷേ ജയിച്ച ആഴ്സനലിന് വേണ്ടി ഗോളടിച്ചവരേക്കാൾ ആരാധകർ കയ്യടിച്ചത് തോറ്റുപോയ ടോട്ടൻഹാമിന് വേണ്ടി ഗോൾ നേടിയ എറിക്ക് ലമേലയ്ക്ക് വേണ്ടിയായിരുന്നു. അർജന്റീനക്കാരനായ ലമേലയുടെ ഗോളിന്റെ കൗതുകമായിരുന്നു അതിന് കാരണം.

മത്സരത്തിന്റെ 33-ാം മിനിട്ടിൽ ലൂക്കാസ് മൗറയുടെ പാസ് സ്വീകരിച്ച ലമേല വലംകാലിനെഇടംകാൽ കൊണ്ട് ചുറ്റിയ ശേഷം തൊടുത്ത ഷോട്ടാണ് ആർസനൽ വലയിൽ കയറിയത്. ഫുട്ബാളിൽ ഇത്തരം ഗോളിനെ റബോണ ഗോൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു കാൽ മറ്റൊന്നിന് വട്ടംചുറ്റി അടിക്കുന്ന ഷോട്ടാണ് റബോണ. അതായത് ഒരു കാൽ മുന്നിൽ വച്ച് മറുകാൽകൊണ്ട് ഷോട്ടെടുക്കുന്ന തന്ത്രം. അതീവ ദുഷ്കരമാണെങ്കിലും എതിർ കളിക്കാർക്ക് എങ്ങോട്ടേയ്ക്കാണ് ഷോട്ട് വരുന്നതെന്ന് പെട്ടെന്ന് പിടികിട്ടില്ല. റബോ എന്നാൽ സ്പാനിഷ് ഭാഷയിൽ വാൽ എന്നാണർഥം. പശു കാലിൽ വാലുചുറ്റുന്നതു പോലെയാണ് ഈ ഷോട്ടെന്നതിനാൽ ആ പേരു വീണു. പെലെ മുതൽ ഏഞ്ചൽ ഡി മരിയ വരെയുള്ള കളിക്കാർ റബോണ ഷോട്ടുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ലമേല തന്നെ മുൻപും റബോണ ഗോൾ നേടിയിട്ടുണ്ട്.
ആഴ്സനലിനെതിരായ മത്സരത്തിന്റെ 19–ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയതാണ് ലമേല. 33–ാം മിനിട്ടിൽ വിസമയഗോൾ നേടി. പക്ഷേ 76–ാം മിനിട്ടിൽ ചുവപ്പു കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നു. രണ്ടാം മഞ്ഞക്കാർഡാണ് ലമേലയ്ക്ക് പുറത്തേക്കുള്ള വഴി കാട്ടിയത്.