
കോട്ടയം : മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യം സംസ്ഥാന സർക്കാർ ഗൗരവതരമായി പരിഗണിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയാത്തത് പെരുമാറ്റച്ചട്ടം മൂലമാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയെയും അദ്ദേഹം വിമർശിച്ചു. വസ്തുതാവിരുദ്ധമാണ് മുഖ്യമന്ത്രിയുടെ അഭിപ്കായപ്രകടനമെന്നും സുകുമാരൻ നായർ പറഞ്ഞു.. എൻ.എസ്.എസിന് ആരോടും ശത്രുതയില്ല. ഉള്ള കാര്യം തുറന്നു പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മന്നംജയന്തി പൊതു അവധി ദിവസമാണെങ്കിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുന്ന പൊതു അവധിയായിക്കൂടി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2017ലും 2018ലും രണ്ടുതവണ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിനൊന്നും അനുകൂല മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പുതിയതായി അവധികളൊന്നും അനുവദക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ പൊതുവായ നയമെന്നുംഈ സാഹചര്യത്തിൽ ആവശ്യം പരിഗണിക്കാൻ നിർവാഹമില്ലെന്നാണ് ആദ്യ നിവേദനത്തിന് മറുപടി ലഭിച്ചത്. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ട് പ്രകാരം 15 ദിവസത്തിലധികം പൊതുഅവധി അനുവദിക്കരുതെന്ന് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്.സംസ്ഥാനത്തെ പൊതുഅവധികൾ പ്രഖ്യാപിക്കുമ്പോൾ അതിലും കൂടുതലായി അനുവദക്കേണ്ടിവരുന്നുണ്ടെന്നും 2018 ൽ ഇത്തരത്തിലുള്ള 18 അവധികൾ അനുവദിച്ചിട്ടുള്ള സാഹചര്യത്തിലും പുതുതായി അവധികളൊന്നും അനുവദക്കേണ്ടതില്ലെന്ന പൊതുനയത്തിന്റെ അടിസ്ഥാനത്തിലും ആവശ്യം അംഗീകരിക്കുവാൻ നിർവാഹമില്ലെന്നാണ് രണ്ടാമത്തെ നവേദനത്തിന് മറുപടി ലഭിച്ചത്. ഈ വിഷയം സർക്കാർ ഗൗരവമായി പരിഗണിച്ചിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ പൊള്ളത്തരം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം വിമർശിച്ചു.
10 മാസങ്ങൾക്കു മുമ്പുതന്നെ മുന്നാക്ക സമുദായപട്ടിക ഉൾപ്പെടുന്ന മുന്നാക്ക സമുദായ കമ്മീഷൻ റപ്പോർട്ട് സർക്കാർ അംഗീകരിച്ചിരുന്ന സാഹചര്യത്തിലാണ് പെരുമാറ്റച്ചട്ടമാണ് പട്ടിക പ്രസിദ്ധീകരണത്തിന് തടസമായതെന്നും ഇപ്പോൾ പട്ടിക പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ മറുപടിവസ്തുതകൾക്ക് നിരക്കുന്നതല്ല. മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കുന്നതിൽ സർക്കാർ വരുത്തുന്നകാലതാമസം ചോദ്യം ചെയ്ത് പട്ടിക പ്രസിദ്ധീകരിക്കാൻസർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട്എൻ.എസ്.എസ്. സമർപ്പിച്ച ഉപഹർജിയിലാണ് ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിക്കുവാൻ നിർദ്ദേശം നല്കിയതെന്നാണ് വസ്തുതയെന്നും സുകുമാരൻ നായർ വ്യക്തമാക്കി.