fahadh-faazil

ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ ട്രെയിലർ യൂട്യൂബ് വഴി പുറത്തിറങ്ങി. വർഗീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന 'മാലിക്കി'ൽ ഫഹദ് സുലൈമാൻ മാലിക് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 27 കോടി മുതൽമുടക്കിൽ നിർമ്മാണം പൂർത്തിയായ സിനിമ ചെയ്തിരിക്കുന്നത് മഹേഷ് നാരായണനാണ്. ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും മഹേഷ് തന്നെ. സിനിമയ്ക്കായി ഫഹദ് ഇരുപത് കിലോയോളം ശരീരഭാരം കുറച്ചത് വാർത്തയായിരുന്നു.

2020 ഏപ്രിലിന് പുറത്തിറങ്ങാനിരുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് മൂലമുള്ള പ്രതിസന്ധി കാരണം 2021 മെയ് 13ലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. വേൾഡ് വൈഡ് റിലീസായാണ് ചിത്രം പുറത്തിറങ്ങുക.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്‌, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സനു ജോൺ വർഗീസ് ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ചെയ്തിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിലെ സംഘട്ടനം സംവിധാനം ചെയ്തിരിക്കുന്നത്.