
മുംബയ്: എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിന് മുംബയ് കോടതി ജാമ്യം അനുവദിച്ചു. കോടതിയിൽ നേരിട്ട് ഹാജരായി തനിക്കെതിരായ വാറണ്ട് റദ്ദാക്കണമെന്ന് കങ്കണ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ജാമ്യാപേക്ഷയും സമർപ്പിച്ചിരുന്നു.
ഒരു അഭിമുഖത്തിൽ കങ്കണ നടത്തിയ പരാമർശങ്ങൾക്കെതിരായാണ് ജാവേദ് അക്തർ മാനനഷ്ട കേസ് നൽകിയത്.
അനാവശ്യമായി തന്റെ പേര് കങ്കണ പല സംഭവങ്ങളുമായി ബന്ധപ്പെട്ട് പറഞ്ഞുവെന്നാണ് ജാവേദ് അക്തറിന്റെ ആരോപണം.
കേസ് മുംബയിൽ നിന്ന് ഷിംലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കങ്കണയുടെ സഹോദരി രംഗോലി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുംബയിൽ കേസിന്റെ വിചാരണ നടന്നാൽ ശിവസേന വ്യക്തിവൈരാഗ്യം തീർക്കുമെന്നായിരുന്നു കങ്കണയുടെ സഹോദരിയുടെ ആരോപണം.