
പാരിസ്: ഓർലിയൻസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സെൻസേഷൻ സൈന നെഹ്വാൾ ക്വാർട്ടറിൽ കടന്നു. ഫ്രഞ്ച് താരം മരി ബാത്തോമിനെതിരെ ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ശേഷമാണ് ഗംഭീര തിരിച്ചുവരവ് നടത്തി അടുത്ത രണ്ട് ഗെയിമും സ്വന്തമാക്കി സൈന വിജയം സ്വന്തമാക്കിയത്. ലോക റാങ്കിംഗിൽ 65-ാം സ്ഥാനത്തുള്ള മരിയോട് 18-21നാണ് സൈന ആദ്യ ഗെയിം അടിയറ വച്ചത്. 21-15, 21-10ന് അടുത്ത രണ്ട് ഗെയിമുകളും സ്വന്തമാക്കി സൈന ക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു. മത്സരം 51 മിനിട്ട് നീണ്ടു. മറ്റൊരിന്ത്യൻ താരം ഇറ ശർമ്മയും ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. ബൾഗേറിയയുടെ മരിയ മിത്സോവയെ നേരിട്ടുള്ള ഗെയിമുകളിൽ 21-18,21-13നാണ് ഇറ വീഴ്ത്തിയത്.