
ദുബായ്: ഒമാനെതിരായ സൗഹൃദ ഫുട്ബാൾ പോരാട്ടത്തിൽ സെൽഫ് ഗോൾ വഴങ്ങിയിട്ടും കരുത്തരായ എതിരാളികളെ 1-1ന് സമനിലയിൽ പിടിച്ച് ഇന്ത്യൻ യുവ നിര. ഇന്ത്യയുടെ ചിംഗ്ലെൻസന സിംഗിന്റെ വകയായി കിട്ടിയ സെൽഫ് ഗോളിലൂടെ ആദ്യം ലീഡെടുത്തത് ഒമാനായിരുന്നു. എന്നാൽ പതറാതെ പൊരുതിയ ഇന്ത്യ മൻവീർ സിംഗിലൂടെ സമനില നേടുകയായിരുന്നു. ക്രോസ് ബാറിന് കീഴിൽ ഗോളി അമരീന്ദർ സിംഗിന്റെ തകർപ്പൻ സേവിംഗുകളും ഇന്ത്യയ്ക്ക് തുണയായി. സുനിൽ ഛെത്രിയുടെ അഭാവത്തിൽ സന്ദേശ് ജിങ്കനാണ് ഇന്ത്യയെ നയിച്ചത്. അശുതോഷ് മേത്ത, ചിംഗ്ലെൻസന സിംഗ്, സുരേഷ് വാങ്ജാം, ബിപിൻ സിംഗ്, ജെക്സൺ സിംഗ്, ആകാശ മിശ്ര എന്നീ ആറ് പേർക്ക് ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റത്തിനുള്ള അവസരവും കോച്ച് ഇഗോർ സ്റ്റിമച്ച് നൽകി.
ദുബായിലെ മക്തൂം ബിൻ റാഷിദ് സ്റ്റേഡിയത്തിൽ നടന്ന കളിയിലുടനീളം ആധിപത്യം പുലർത്തിയത് ഒമാനായിരുന്നു. എന്നാൽ ലക്ഷ്യം കാണുന്നതിൽ അവർ പരാജയപ്പെട്ടു. 42-ാം മിനിട്ടിലാണ് ചിംഗ്ലൻസണിന്റെ വകയായി സെൽഫ് ഗോൾ ഒമാന്റെ അക്കൗണ്ടിൽ എത്തുന്നത്.
സാഹിർ അൽ അഗ്ബാരി ബോക്സിലേയ്ക്ക് തൊടുത്ത ഒരു ത്രൂബോൾ കൈപ്പിടിയിലാക്കുന്നതിൽ ഗോളി അമരീന്ദർ പരാജയപ്പെട്ടു. തെന്നിത്തെറിച്ച പന്ത് ചിംഗ്ലെൻസനയുടെ കാലിൽ തട്ടി ഇന്ത്യൻ വലയിലേക്ക് കയറുകയായിരുന്നു. എന്നാൽ അധികം വൈകാതെ 51-ാം മിനിട്ടിൽ മൻവീറിലൂടെ ഇന്ത്യ സമനില നേടുകയായിരുന്നു. 2019 നവംബറിന് ശേഷം ആദ്യമായി ഇന്ത്യ കളിക്കുന്ന മത്സരമായിരുന്നു ഇത്.