arike

കൊച്ചി: ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഇതാ മലയാളത്തനിമയോടെ പുതിയൊരു ഡേറ്റിംഗ് ആപ്പ്. 'അരികെ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ്, പൂർണമായും മലയാളിക്കു വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്പുകളിലൊന്നായ 'അയ്ൽ' ആണ് അരികെയുടെ മാതൃസ്ഥാപനം. ഇന്ത്യയിലെ തന്നെ പ്രഥമ ഭാഷാ കേന്ദ്രീകൃതമായ ഹൈ ഇന്റെൻറ് ഡേറ്റിങ് ആപ്പ് എന്ന സവിശേഷതയോടെയാണ് 'അരികെ' അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തിന്റെ സംസ്കാരവും ശീലങ്ങളും കോർത്തിണക്കിയാണ് 'അരികെ' എത്തുന്നത്. 21 നും 40 നും ഇടയിൽ പ്രായമുള്ള മലയാളികളുടെ മാച്ച് മേക്കിംഗിന് സഹായകമായി രൂപകൽപ്പന ചെയ്തിട്ടുള്ള 'അരികെ'യിൽ ഭൂമിശാസ്ത്ര പരമായ അതിർവരമ്പുകൾ തീരെ ഇല്ല.
'അരികെ' യുടെ ചുവടു പിടിച്ച് രാജ്യത്തെ മറ്റു ഭാഷകളിലേയ്ക്ക് കൂടി തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ മാതൃസ്ഥാപനമായ അയ്ൽ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഏറ്റവും അനുയോജ്യരായ ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാനും, പ്രണയിക്കാനും വിവാഹിതരാകാനും ഉദ്ദേശിക്കുന്ന മലയാളി ഉപയോക്താക്കൾക്ക് വേണ്ടിയാണ് 'അരികെ', എന്ന് അയ്ൽ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഏബിൾ ജോസഫ് പറഞ്ഞു. കേരളം ഒരു തുടക്കം മാത്രമാണ്; അരികെയുടെ മറ്റു ഭാഷകളിലുള്ള വേർഷനുകൾ അതാതു സംസ്ഥാനങ്ങളുടെ സാംസ്‌കാരിക സവിശേഷതകൾ ഉൾപ്പെടുത്തി നിർമ്മിക്കും, ഏബിൾ ജോസഫ് അറിയിച്ചു.