
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി അറുപത് ലക്ഷം പിന്നിട്ടു. പത്ത് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 27.66 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടിയിലധികം പേരാണ് നിലവിൽ ചികിത്സയിലുളളത്.
ബ്രസീലിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 90,000ത്തിലധികം പേർക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം രണ്ടായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം മൂന്ന് ലക്ഷത്തി മൂവായിരമായി.
രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ബ്രസീലിന് മുന്നിലുളളത്. യു എസിൽ മൂന്ന് കോടിയിലധികം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. മരണസംഖ്യ 5.59 ലക്ഷമായി ഉയർന്നു. എഴുപത് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്.
ഇന്ത്യയിൽ ഒരു കോടി പതിനെട്ട് ലക്ഷം രോഗബാധിതരാണ് ഉളളത്. അമ്പത്തിയൊമ്പതിനായിരം പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 4,22,596 പേരാണ് ചികിത്സയിലുളളത്. ഇതുവരെ കൊവിഡ് ബാധിച്ച് 1,60,983 പേർ രാജ്യത്ത് മരണപ്പെട്ടു.