
തിരുവനന്തപുരം: കണ്ടുനിന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ച വോട്ടുകാഴ്‌ച. വോട്ട് തേടിയുളള പരക്കം പാച്ചിലിനിടയിൽ സ്ഥാനാർത്ഥിയും അമ്മയും തമ്മിൽ കണ്ടുമുട്ടിയ അപൂർവ നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. ഇങ്ങനെയൊരു വോട്ടുചോദ്യം ഈ അമ്മയും മകനും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
അപ്രതീക്ഷിതമായി എത്തിയ സ്ഥാനാർത്ഥിയെ കണ്ടതും ആ അമ്മയ്‌ക്ക് കരച്ചിലടക്കാനായില്ല. ഇല്ലായ്‌മകൾക്കിടയിലും തന്നെ കരകയറ്റിയ അമ്മയെ നെഞ്ചോട് ചേർത്തുവച്ച സ്ഥാനാർത്ഥിയുടെയും കണ്ണുകൾ നിറഞ്ഞു. ചിറയിൻകീഴിലെ യു ഡി എഫ് സ്ഥാനാർത്ഥി അനൂപ് ബി എസായിരുന്നു ആ സ്ഥാനാർത്ഥി.
കഴിഞ്ഞദിവസം രാവിലെ ഒമ്പതരയോടെ പെരുമാതുറയിലും അഞ്ചുതെങ്ങിലും സന്ദർശനം നടത്തിയശേഷം പഴഞ്ചിറയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ വോട്ടുചോദിച്ചെത്തിയതായിരുന്നു അനൂപ്. തൊഴുകൈയോടെ വോട്ട് ചോദിച്ചെത്തിയ മകനെ കണ്ടമാത്രയിൽ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. കണ്ണീരണിഞ്ഞ സുദേവിയുടെ മുഖം നെഞ്ചോട് ചേർത്താണ് അനൂപ് ആശ്വസിപ്പിച്ചത്. എനിയ്‌ക്കൊരു വോട്ട് ഉറപ്പായും തരണമെന്നുകൂടി പറഞ്ഞതോടെ കരച്ചിൽ ചിരിക്ക് വഴിമാറി.
തൊണ്ടുതല്ലി കയർപിരിക്കുന്ന പണിയായിരുന്നു സുദേവിക്ക്. കയറിന്റെ പെരുമ നഷ്‌ടപ്പെടുകയും തൊഴിൽ കുറയുകയും ചെയ്‌തതോടെയാണ് ജീവിക്കാനായി തൊഴിലുറപ്പ് പണിക്കിറങ്ങിയത്. അച്ഛൻ ബ്രഹ്മാനന്ദൻ മേൽകടയ്ക്കാവൂർ ക്ഷീരസഹകരണ സംഘത്തിലെ പാൽ വിതരണ തൊഴിലാളിയാണ്. ഇവരുടെ മൂന്നുമക്കളിൽ മുതിർന്ന ആളാണ് അനൂപ്. ഡെപ്യൂട്ടി സ്‌പീക്കർ വി ശശിയും ആശാനാഥുമാണ് മണ്ഡലത്തിൽ അനൂപിന്റെ എതിർസ്ഥാനാർത്ഥികൾ.