covid-update-

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടാം കൊവിഡ് തരംഗത്തിന്റെ മദ്ധ്യഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ പകുതിയാകുമ്പോഴേക്കും രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കാര്‍ഡ് സൃഷ്ടിക്കും. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ മെയ് അവസാനത്തോടെ 25 ലക്ഷത്തിലധികം രോഗികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്.ബി.ഐക്ക് വേണ്ടി സൗമ്യകാന്ത് ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വാക്‌സിനേഷന്‍ മാത്രമാണ് രോഗവ്യാപനം തടയാനുള്ള ഏക മാര്‍ഗമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 32,987 പേര്‍ രോഗമുക്തരായപ്പോള്‍ 257 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,18,46,652 ആയി. 1,12,64,637 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,949 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 4,21,066 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,55,04,440 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. വ്യാഴാഴ്ച സംസ്ഥാനത്ത് 35,952 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 30,000-ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. മുംബയില്‍ മാത്രം ഇന്നലെ 5,504 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ രോഗം പിടിപെട്ടവരുടെ എണ്ണം വ്യാഴാഴ്ച 26 ലക്ഷം കടന്നു. 20,444 പേര്‍ ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 22.83 ലക്ഷമായി. 111 പേരാണ് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 53,795 ലേക്കുയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,62,685 ആണ്. മുംബയ് നഗരത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ലോക്കല്‍ ട്രെയിന്‍ യാത്രയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.