
ആറ്റിങ്ങൽ: വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ചിറയിൻകീഴ്- വർക്കല താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവും മയക്കുമരുന്നും പിടിമുറുക്കുന്നു. ഇതിന് തെളിവാണ് പ്രദേശത്ത് പല സ്ഥലങ്ങളിൽ നിന്ന് മയക്കുമരുന്ന് വില്പന നടത്തുന്നവരെ പിടികൂടിയത്. കഴിഞ്ഞദിവസം കാറിലെത്തി മയക്കുമരുന്ന് വില്പന നടത്തിയ രണ്ട്പേരെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് കഞ്ചാവും മാരക മയക്കുമരുന്നായ എം.ഡി.എം.എ, എയർ ഗൺ, ഇലക്ട്രിക് ത്രാസ് ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്നും 650 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതായി നർക്കോട്ടിക് വിഭാഗവും പൊലീസും അറിയിച്ചു. വർഷങ്ങൾക്കു മുൻപ് ആറ്റിങ്ങൽ കോടതി പരിസരത്തുനിന്ന് മൂന്നരക്കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. വിചാരണത്തടവുകാർക്ക് വില്ക്കുന്നതിനായി എത്തിച്ചതാണെന്നാണ് അന്ന് കണ്ടെത്തിയത്. ശരീരഭാഗങ്ങളിലൊളിപ്പിച്ച് ജയിലിനുള്ളിലെത്തിക്കാനുള്ള വിധത്തിൽ തയ്യാറാക്കിയ നിലയിലായിരുന്നു ഇവയിലധികവും. പിന്നീടങ്ങോട്ട് നിരവധി ഇടങ്ങളിൽ നിന്നും കഞ്ചാവു കടത്ത് പിടികൂടുകയായിരുന്നു. എന്നാൽ ഇതിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
സ്വന്തം കസ്റ്റമേഴ്സ്
കൊവിഡ് കാലത്തുമാത്രം പലയിടങ്ങളിൽ നിന്നായി 70 കോടിയിലധികം തുക വിലവരുന്ന കഞ്ചാവാണ് എക്സൈസ് സ്ക്വാഡും പൊലീസും പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് കടത്ത് പിടികൂടിയതും ആറ്റിങ്ങൽ മേഖലയിൽ നിന്നാണെന്നതാണ് ആശങ്ക ഉണർത്തുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവ കടത്തുന്നതിൽ മുൻപന്തിയിലുള്ളത്. കഞ്ചാവിന്റെയും മറ്റും ചില്ലറ വില്പന നടത്തുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ലഹരിമാഫിയയുടെ വ്യാപ്തി പൊലീസിന് മനസിലാകുന്നത്. യുവാക്കളും വിദ്യാർത്ഥികളുമാണ് ഇയാളുടെ കസ്റ്റമേഴ്സ്. ആ വഴിക്ക് പൊലീസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് ഒരു ഒൻപതാം ക്ലാസുകാരനിലും.
ബൈക്ക് ഉണ്ടോ? പൊതി റെഡി
ബൈക്ക് ഉപയോഗിക്കാൻ അറിയാവുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകം പരിഗണന ലഭിക്കും. അവർ നൽകുന്ന പൊതി എത്രയും പെട്ടെന്ന് ചെറുകിട വ്യാപാരികളിൽ എത്തിച്ചാൽ ഇവർക്കുള്ള സ്പെഷ്യലും പണവും ലഭിക്കും. ആവശ്യത്തിന് ലഹരി സാധനവും പണവും ലഭിക്കുന്നതിനാൽ ബൈക്കിൽ ചീറിപ്പായാൽ ഇവരും തയ്യാർ.
നടപടിയുമായി പൊലീസ്
കച്ചവടക്കാരിൽ നിന്ന് കഞ്ചാവ് വാങ്ങുന്ന വിദ്യാർത്ഥികളുടെയും യുവാക്കളുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. സ്കൂളുകൾ ശരിയാംവിധം പ്രവർത്തിക്കാത്തതിനാൽ വാട്സാപ്പ് വഴിയാണ് ഇപ്പോൾ ഇതുസംബന്ധിച്ച വിനിമയം. ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് കഞ്ചാവിന് അടിപ്പെട്ട വിദ്യാർത്ഥികളെയും യുവാക്കളെയും കണ്ടെത്തി കൗൺസലിംഗ് നൽകാനുള്ള നടപടികളും പൊലീസ് ആലോചിക്കുന്നുണ്ട്.
കഞ്ചാവ് വില്പന ഇങ്ങനെ
കിലോക്കണക്കിന് കഞ്ചാവ് രഹസ്യമായി എത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് നൽകുന്നു. അവർ അത് പൊതികളാക്കി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നല്കും. 100 രൂപയുടെ പൊതികളാക്കിയും സിഗരറ്റിനുള്ളിൽ തിരുകിയുമാണത്രേ വില്പന. സ്കൂൾ ഉണ്ടായിരുന്ന സമയത്ത് ചിലർ ഒരു പുകയ്ക്ക് 10 രൂപ വാങ്ങിയിരുന്നുവെന്നും അറിവ് ലഭിച്ചിട്ടുണ്ട്.
കഞ്ചാവ്- മയക്കുമരുന്ന് വില്പനയും ഉപയോഗവും പെരുകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ക്രൈമുകൾക്കൊപ്പം ഇതും നിരീക്ഷിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഓൺലൈൻ പഠനം ഇപ്പോഴും നടക്കുന്നതിനാൽ വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനായി അദ്ധ്യാപകരും രക്ഷിതാക്കളും മുൻകൈയെടുക്കണം. വിദ്യാർത്ഥികളുടെ സ്വഭാവത്തിൽ പെട്ടെന്ന് മാറ്റം കാണുന്നെങ്കിൽ രക്ഷിതാക്കളും സ്കൂൾ അധികൃതരും വിവരം അറിയിക്കണം. അത് അപമാനമായി കരുതരുത്. ഹരി.സി.എസ് ഡി.വൈ.എസ്.പി ആറ്റിങ്ങൽ