ramesh-chennithala

കൊച്ചി: ഇരട്ട വോട്ടിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. പ്രശ്‌നം അതീവ ഗൗരവതരമാണെന്നും അടിയന്തര പ്രധാന്യത്തോടെ ഹർജി പരിഗണിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. കേസ് പന്ത്രണ്ട് മണിക്ക് പരിഗണിക്കാമെന്ന് ആദ്യം പറഞ്ഞ കോടതി കമ്മിഷനോട് വിശദീകരണം തേടിയ ശേഷം ഹർജി പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.

ഇരട്ട വോട്ടുകൾ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് അഞ്ച് തവണ കത്തയച്ചെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായില്ലെന്ന് ചെന്നിത്തല ഹർ‌ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജവോട്ട് ചേർക്കാൻ ഒത്താശ ചെയ്‌ത ഒരു ഉദ്യോഗസ്ഥനെതിരെ മാത്രമാണ് ഇതുവരെ നടപടിയെടുത്തത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. വ്യാജവോട്ട് ചേർത്തതിന് ഉത്തരവാദികളായ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതി അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണം എന്നാണ് ഹർജിയിലെ ആവശ്യം.

സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളോ, ഇരട്ട വോട്ടുകളോ ഉണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ വ്യക്തമാക്കുന്നത്. ഇത് ഏതെങ്കിലും ഒരു വ്യക്തി ചെയ്‌തതല്ല. ഉദ്യോഗസ്ഥർ സംഘടിതമായി ചെയ്‌ത പ്രവർത്തിയാണ്. അതിനാൽ ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.