
ഹെൽമറ്റ് വയ്‌ക്കാത്തതിനോ, അമിത വേഗത്തിനോ ബൈക്ക് യാത്രികരെ പിടികൂടി പിഴശിക്ഷ നൽകുന്ന പൊലീസ് നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്‌ചയാണ്. രൂപമാറ്റം വരുത്തുന്ന വണ്ടികളെയും സൂപ്പർ കാറുകളെയും ബൈക്കുകളെയും സ്ഥിരം പരിശോധിക്കാറുണ്ട്. എന്നാൽ ഒരു യൂട്യൂബർക്ക് പൊലീസിൽ നിന്നുണ്ടായ അനുഭവം വളരെ വ്യത്യസ്‌തമാണ്.
സംഭവം കേരളത്തിലല്ല നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലാണ്. യൂട്യൂബറായ അന്നി അരുൺ തെങ്കാശിയിൽ നിന്നും പുതുച്ചേരിയിലേക്ക് തന്റെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്‌ക്കിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൈകാട്ടി നിർത്താൻ ആവശ്യപ്പെട്ടു. അങ്കലാപ്പോടെ നിർത്തിയ അരുണിനെ അത്ഭുതപ്പെടുത്തി പൊലീസുകാരൻ തന്റെ ആവശ്യം പറഞ്ഞു.
കർണാടകയിൽ നിന്നും വരുന്നയാളാണോ എന്നായിരുന്നു പൊലീസുകാരന്റെ ആദ്യ ചോദ്യം. അതെ എന്ന് അരുൺ ഉത്തരം നൽകി. ശേഷം പൊലീസുകാരൻ കാര്യം അവതരിപ്പിച്ചു. മുന്നിൽ പോയ ബസിൽ ഒരു വയസായ സ്‌ത്രീയുണ്ട്. അവർ ബസിൽ കയറുന്നതിനിടെ മരുന്ന് കുപ്പി താഴെവീണു. മരുന്ന് അവർക്ക് എത്തിക്കാമോ എന്നായിരുന്നു ചോദ്യം. അമ്പരന്നു പോയെങ്കിലും അരുൺ ഉടൻ തന്നെ പൊലീസുകാരനിൽ നിന്നും മരുന്ന് വാങ്ങി ബസിനടുത്തേക്ക് പാഞ്ഞു.
ബസ് കണ്ടെത്തി ഡ്രൈവറോട് നിർത്താൻ ആംഗ്യം കാണിച്ചു. ബസ് നിർത്തിയതും മരുന്ന് വൃദ്ധയ്‌ക്ക് നൽകിയ ശേഷം അരുൺ യാത്ര തുടർന്നു. മാർച്ച് 23ന് പോസ്‌റ്റ് ചെയ്‌ത വീഡിയോ ഇതിനകം 3.73 ലക്ഷം പേരാണ് കണ്ടത്. 6000ലധികം പേർ ലൈക്ക് ചെയ്യുകയും അരുണിനെയും പൊലീസുകാരനെയും അഭിനന്ദിക്കുകയും ചെയ്‌തു.