
ന്യൂഡൽഹി: ഭാര്യയെയും ബന്ധുക്കളെയും ഇല്ലായ്മചെയ്യാൻ ഇറാഖിലെ മുൻ ഭരണാധികാരി സദ്ദാം ഹുസൈന്റെ തന്ത്രം പയറ്റിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഡൽഹി ഗ്രേറ്റർ കൈലാഷ് സ്വദേശി വരുൺ അറോറ എന്ന മുപ്പത്തേഴുകാരനാണ് പിടിയിലായത്. രുചിയും മണവുമില്ലാത്ത മാരക വിഷമായ താലിയം ആരുമറിയാതെ മീൻകറിയിൽ ചേർത്തുകൊടുത്താണ് ഭാര്യയെയും ബന്ധുക്കളെയും ഇല്ലാതാക്കാൻ ശ്രമിച്ചത്. വിഷപ്രയോഗത്തിൽ വരുണിന്റെ ഭാര്യയുടെ അമ്മയും സഹോദരിയും കൊല്ലപ്പെട്ടിരുന്നു.
പൊലീസ് പറയുന്നത് ഇങ്ങനെ:
ഭാര്യയും ബന്ധുക്കളും ചെറിയ കാര്യങ്ങൾക്കുപോലും അപമാനിക്കുന്നതിലും കളിയാക്കുന്നതിലും വരുൺ അസ്വസ്ഥനായിരുന്നു. കളിയാക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ആരും മൈൻഡുചെയ്തില്ല. തുടർന്നാണ് പ്രതികാരം ചെയ്യാൻ തീരുമാനിച്ചത്. സദ്ദാം ഹുസൈൻ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ഉപയോഗിച്ചിരുന്ന താലിയം തന്നെ ബന്ധുക്കൾക്കെതിരെ പ്രയാേഗിക്കാൻ വരുൺ തീരുമാനിച്ചു. വായനയിൽ നിന്നായിരുന്നു താലിയത്തെക്കുറിച്ചുള്ള അറിവ് വരുണിന് ലഭിച്ചത്.

ഭാര്യയുടെ അമ്മ അനിതാ ദേവിയായിരുന്നു വരുണിന്റെ ആദ്യ ഇര. ഇവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ താലിയത്തിന്റെ അംശം കണ്ടെത്തിയതോടെ പൊലീസിന് സംശയമായി. എന്നാൽ ഇക്കാര്യം പുറത്തുവിട്ടില്ല. അനിതയുടെ മരണം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വരുണിന്റെ ഭാര്യ ദിവ്യയെയും ശാരീക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിലാക്കി. ഇവരുടെ രക്ത പരിശോധനയിലും താലിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ അസ്വാഭാവികത മണത്തു. ഇതിനിടെ ദിവ്യയുടെ സഹോദരിയും മരിച്ചു. ഇവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും താലിയം കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെ ദിവ്യയുടെ അച്ഛനെയും വീട്ടിലെ വേലക്കാരിയെയും ശാരീരിക പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിലാക്കി. ഇവരുടെ രക്തപരിശോധനയിലും താലിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കുടുംബവുമായി അടുത്തുബന്ധമുള്ള ആരോ ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു എന്ന് പൊലീസിന് വ്യക്തമായി.
അന്വേഷണത്തിൽ അരുൺ ഭാര്യയ്ക്കും ബന്ധുക്കൾക്കും സ്പെഷ്യലെന്ന പേരിൽ മീൻകറി വിളമ്പിയതായി കണ്ടെത്തി. ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ താലിയം കണ്ടെടുക്കുകയും ചെയ്തു. ചോദ്യംചെയ്തതോടെ എല്ലാം വരുൺ തുറന്ന് സമ്മതിക്കുകയായിരുന്നു.
രുചിയും മണവുമില്ലാത്ത വിഷമൂലകമായ താലിയം സൾഫേറ്റ് ഒരുകാലത്ത് എലി വിഷമായും ഉറുമ്പുകളെ കൊല്ലാനും ഉപയോഗിച്ചിരുന്നു. 1975 മുതൽ അമേരിക്ക ഉൾപ്പടെ പലരാജ്യങ്ങളും സുരക്ഷാ കാരണങ്ങളാൽ ഇതിന്റെ ഉപയോഗം നിരോധിച്ചു. ഉൽപാദിപ്പിക്കപ്പെടുന്ന താലിയത്തിന്റെ ഏകദേശം എഴുപതുശതമാനത്തോളം ഇലക്ട്രോണിക്സ് വ്യവസായത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ശേഷിക്കുന്നത് ഔഷധ വ്യവസായത്തിലും ഗ്ലാസ് നിർമ്മാണത്തിലുമാണ് ഉപയോഗിക്കുന്നത്.