
തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ഇപ്പോൾ താരങ്ങൾ ഒന്നടങ്കം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി തിരിക്കുകയാണ്. കമൽഹാസനും ഖുഷ്‌ബുവും ശരത് കുമാറും മാത്രമല്ല ഷക്കീല വരെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നാമാവശേഷമായ കോൺഗ്രസിലാണ് ഷക്കീല അംഗത്വം സ്വീകരിച്ചിരിക്കുന്നത്.
തമിഴ്നാട് കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് അറിയിച്ച ഷക്കീല കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിർത്തി ജില്ലകളിലെങ്കിലും ഷക്കീല പ്രചാരണത്തിന് ഇറങ്ങിയാൽ അത് ഗുണം ചെയ്യുമെന്ന് ചില കോൺഗ്രസ് നേതാക്കൾ അടക്കം പറയുന്നുണ്ട്. എന്നാൽ അങ്ങനെയൊരു ആലോചനയേ ഇല്ലെന്നാണ് പ്രധാനപ്പെട്ട നേതാക്കൾ പറയുന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പിലടക്കം കോൺഗ്രസിന് വേണ്ടി കേരളത്തിൽ ഖുഷ്ബു പ്രചാരണത്തിന് എത്തിയിട്ടുണ്ട്. എന്നാൽ ഷക്കീല എത്തുന്നത് കുടുംബ വോട്ടുകളിൽ വിളളൽ വീഴ്‌ത്തുമെന്ന് നേതാക്കൾ പറയുന്നു. യാഥാസ്ഥിക ചിന്താഗതിക്കാർക്കിടയിൽ ഇത് വലിയ തോതിൽ ദോഷം ചെയ്യുമെന്നാണ് ഷക്കീലയുടെ വരവിനെ എതിർക്കുന്നവരുടെ വാദം.
പാർട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും പ്രവർത്തനമെന്ന് ഷക്കീല ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇപ്പോൾ സിനിമാതിരക്കുകളിൽനിന്നു വിട്ടുനിൽക്കുന്ന ഷക്കീല ചെന്നൈയിലാണ് താമസിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.