chennithala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടവോട്ടുകളുടെ പിന്നിൽ പ്രവർത്തിച്ചത് സി പി എമ്മാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അവർക്കുതന്നെ തിരിച്ചടിയാവുന്നു. പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളിയ്ക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്. എൽദോസ് കുന്നപ്പള്ളി എംഎൽഎയായിരിക്കുന്ന പെരുമ്പാവൂരാണ് രണ്ടാമത്തെ വോട്ട്.തന്റെയും ഭാര്യയുടെയും ഇരട്ടവോട്ടുകളെക്കുറിച്ച് അറിയില്ലെന്നാണ് എൽദോസ് കുന്നപ്പള്ളി പറയുന്നത്. എം എൽ എയുടെ ഇരട്ടവോട്ടി​നെതി​രെ പരാതി​ നൽകാനാണ് സി​ പി​ എം പ്രവർത്തകരുടെ തീരുമാനം.

കഴിഞ്ഞദിവസം കയ്‌പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശോഭ സുബിന് മൂന്നിടത്ത്‌ വോട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇരട്ടവോട്ടുകൾ സംസ്ഥാനത്ത് വ്യാപകമാണെന്ന് കാണിക്കാനായി ഒരുസ്ത്രീക്ക് അഞ്ച് വോട്ടുകളുളള വിവരം പ്രതിപക്ഷ നേതാവ് തെളിവുകൾ സഹിതം പുറത്തുവിട്ടിരുന്നു. പിറ്റേദിവസം ഈ സ്ത്രീ താൻ കോൺഗ്രസുകാരിയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

ഇന്നുരാവിലെ ഒരു സ്വകാര്യചാനലിനോട് സംസാരിക്കവെ കേരളത്തിലെ വോട്ട‍ർ പട്ടിക സുതാര്യമല്ലെന്നും സി പി എം ആസൂത്രിത നീക്കം നടത്തി, നാല് ലക്ഷത്തോളം വ്യാജ വോട്ട‍ർമാരെ ചേർത്തെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചി​രുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുകയാണ്. ഇക്കാര്യത്തിൽ എ ഐ സി സി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി നൽകും. കളളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.