thomas

തിരുവനന്തപുരം:കിഫ്ബിയുടെ സൽപ്പേര് കളയാനാണ് ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും ശ്രമമെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ആദായനികുതിവകുപ്പിന്റെ നടപടി ഊളത്തരമാണെന്നും ഭീഷണിപ്പെടുത്തുകയാണ് ഇഡി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കിഫ്ബിയിൽ നടന്ന ആദായനികുതി റെയ്ഡിനെക്കുറിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മാദ്ധ്യമങ്ങളെ അറിയിച്ചാണ് ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് വന്നത്. ആളെക്കൂട്ടി വരാനാണ് ഐആർഎസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. തെമ്മാടിത്തരമെന്ന പ്രയോഗം കടന്നുപോയെന്ന് ചിലർ പറയുന്നു. കരാറുകാരുടെ നികുപ്പണം അടയ്ക്കേണ്ട ബാദ്ധ്യത കിഫ്ബിക്കില്ല. കിഫ്ബിയുമായി ബന്ധപ്പെട്ട പാസ്‌വേഡുകൾ നൽകാമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചതാണ്-മന്ത്രി പറഞ്ഞു. ഇന്നലെയും റെയ്ഡിനെതിരെ പ്രതികരണവുമായി ധനമന്ത്രി രംഗത്തെത്തിയിരുന്നു. ആദായനികുതി വകുപ്പ് കാട്ടുന്നത് ശുദ്ധതെമ്മാടിത്തരമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആവശ്യപ്പെട്ട രേഖകൾകൊടുത്തിട്ടുണ്ട്. മാദ്ധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചുള്ള ഇത്തരം നാടകങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് കിഫ്ബിയിലെ ആദായനികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചത്. പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് പരിശോധനയ്ക്ക് എത്തിയത്. ആദായനികുതി വകുപ്പ് കമ്മീഷണറും പരിശോധന നടത്തി. പിന്നീട് രാത്രിയോടെ അദ്ദേഹം മടങ്ങുകയായിരുന്നു.പരിശോധന മണിക്കൂറുകൾ നീണ്ടു. നേരത്തെ ആവശ്യപ്പെട്ട കഴിഞ്ഞ അഞ്ച് വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചു.


കഴിഞ്ഞ അഞ്ച് വർഷം കിഫ്ബി നടത്തിയ പദ്ധതികളുടെ വിശദാംശങ്ങൾ, കോൺട്രാക്ടർമാർക്ക് കൈമാറിയ തുകയുടെ കണക്കുകൾ, പദ്ധതികൾക്ക് വേണ്ടി വിവിധ കോൺട്രാക്ടർമാരിൽ നിന്ന് ഈടാക്കിയ പണത്തിന്റെ നികുതി എന്നിവ സംബന്ധിച്ച രേഖകളാണ് കിഫ്ബി കൈമാറിയത്.