dileep-mohanlal

കഴിഞ്ഞദിവസമായിരുന്നു മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പൂജ നടന്നത്. നവോദയ സ്‌റ്റുഡിയോയിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ഫാസിൽ, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ തുടങ്ങി പ്രമുഖരുടെ നിരതന്നെ അണിനിരന്നു. ഏവരും ലാലിനെ കുറിച്ചും അദ്ദഹത്തിനുള്ളിലെ സംവിധായകനെ കുറിച്ചും വാചാലരാവുകയുണ്ടായി. അതിൽ ദിലീപ് പറഞ്ഞ ചില വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ദിലീപിന്റെ വാക്കുകൾ-

'വലിയ സന്തോഷമുള്ള ദിവസമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ എന്നും ഓർമ്മിക്കാവുന്ന ഒരു നിമിഷം. എന്നെ സംബന്ധിച്ച് ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമാണിത്. ലാലേട്ടൻ ഹീറോയായ വിഷ്‌ണുലോകം എന്ന ചിത്രത്തിലൂടെയാണ് ഞാൻ മലയാള സിനിമയിൽ വരുന്നത്. അന്ന് ലാലേട്ടന്റെ മുമ്പിൽ ക്ളാപ്പടിച്ചു തുടങ്ങിയ ജീവിതമാണ് എന്റെത്. അദ്ദേഹത്തിന്റെ സംവിധായകനെ നേരിട്ടറിഞ്ഞിട്ടുള്ളയാളാണ് ഞാൻ. ഉള്ളടക്കം എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് കംപോസ് ചെയ‌്തത് ലാലേട്ടനാണ്. ലാൽജോസും ഞാനുമായിരുന്നു അദ്ദേഹത്തിന്റെ അസിസ്‌റ്റന്റ്സ്.

ഞങ്ങൾ ലാലേട്ടൻ കാണിച്ചുതരുന്നതുപോലെ അഭിനയിക്കും, മറ്റുള്ളവർ അത് അനുകരിക്കും. ലാലേട്ടൻ മാറി നടന്നത് വലിയൊരു നിധിക്കു വേണ്ടിയായിരുന്നുവെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. ബറോസ് ഗംഭീര സിനിമയായിരിക്കും. സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ലാലേട്ടനോട് ചോദിച്ചു എനിക്കൊരു ചെറിയ വേഷമെങ്കിലും കിട്ടുമോയെന്ന്. പക്ഷേ ഇതിലെ ആൾക്കാരെയെല്ലാം കണ്ടുകഴിഞ്ഞപ്പോൾ അതിനൊന്നും സ്കോപ്പില്ലെന്ന് മനസിലായി'.