
മുംബയ്: ഇന്ത്യ ഒപെക് രാജ്യങ്ങൾക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് വിലകുറച്ച് അസംസ്കൃത എണ്ണവാങ്ങുന്നു. ഇതിന്റെ ആദ്യപടിയായി തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിൽ നിന്ന് പത്തുലക്ഷം ബാരൽ എണ്ണയുമായുള്ള കപ്പൽ അടുത്തമാസം ആദ്യം മുന്ദ്ര തുറമുഖത്തെത്തും. ഇതിനൊപ്പം ബ്രസീലിലെ ടുപിയിൽ നിന്ന് എണ്ണവാങ്ങാനുള്ള ഓർഡറും ഇന്ത്യ നൽകിക്കഴിഞ്ഞു. ഈ രണ്ട് രാജ്യങ്ങളും ഇന്ത്യയുടെ പുതിയ വിപണിയാണ്.
കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാനായി ഉത്പാദനം കൂട്ടാൻ ഇന്ത്യ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏറ്റവും വലിയ എണ്ണയുത്പാദന രാജ്യങ്ങളിലൊന്നായ സൗദിയടക്കം ഒപെക് രാജ്യങ്ങൾ ഈ ആവശ്യത്തെ കണ്ണുമടച്ച് തള്ളിയിരുന്നു. ഇതോടയാണ് കുറഞ്ഞവിലയ്ക്ക് എണ്ണകിട്ടുന്ന മറ്റുരാജ്യങ്ങളെ ആശ്രയിക്കാൻ ഇന്ത്യ തീരുമാനിച്ചത്. തുടർന്ന് ഒപെകിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണവാങ്ങാൻ കേന്ദ്രസർക്കാർ രാജ്യത്തെ പെട്രോളിയം കമ്പനികൾക്ക് അനുമതി നൽകുകയും ചെയ്തു. രാജ്യത്ത് എണ്ണ ഉപയോഗം കൂടിയ സാഹചര്യവും ഇതിനുപിന്നിലുണ്ട്. ജനുവരിമുതൽ അമേരിക്കയിൽ നിന്നുള്ള എണ്ണഇറക്കുമതിയും ഇന്ത്യ ഇരട്ടിയാക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. രാജ്യത്തിന്റെ പുതിയ തീരുമാനം ഒപെക് രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്.
കൊവിഡിന് ശേഷം ആഗോളവിപണിയിൽ എണ്ണവില ഉയർന്നതോടെ രാജ്യത്തെ പെട്രോൾ ഡീസൽ വിലകൾ കുത്തനെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ആഗോളവിപണിയിൽ എണ്ണവില പത്തുശതമാനത്തിലേറെ ഇടിഞ്ഞു. എന്നിട്ടും രാജ്യത്ത് ഇന്ധനവിലയിൽ നാമമാത്രമായ കുറവാണ് ഉണ്ടായത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതിയാണ് ഇതിന് പ്രധാനകാരണം.