
ഈ പ്രായത്തിലും ഇവർക്കെങ്ങനെ ഇത്രയും ഹോട്ടായിരിക്കാൻ കഴിയുന്നതെന്ന് പ്രേക്ഷകർ ഒന്നടങ്കം ചോദിച്ചാൽ അത്ര അതിശയോക്തി തോന്നേണ്ട കാര്യമില്ല. 47 വയസിലും ബോളിവുഡിലെ ഹോട്ട് ആൻഡ് ബോൾഡ് നായികമാരിൽ മലൈക അറോറയുടെ പേര് മുൻപന്തിയിലാണ്. ഇപ്പോൾ സിനിമകളിൽ സജീവമല്ലെങ്കിലും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ് മലൈക അറോറ. തന്നേക്കാൾ പ്രായം കുറഞ്ഞ അർജുൻ കപൂറുമായുള്ള പ്രണയ വിശേഷങ്ങൾ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടാറുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായ മലൈക തന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളെല്ലാം പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്.താരം കൊവിഡ് ബാധിതയായതും അതിൽ നിന്ന് മോചിതയായതുമൊക്കെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ കൊവിഡ് കാലത്തുണ്ടായ രസകരമായ ഒരു സംഭവം പങ്കുവച്ചിരിക്കുകയാണ് മലൈക. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം പറഞ്ഞ രസകരമായ അനുഭവം പ്രേക്ഷകരിൽ ചിരി ഉണർത്തി.
'' പണ്ടുകാലത്ത് വീട്ടിലേക്ക് വരുന്നവരോട് ഞങ്ങളുടെ നായ്ക്ക് വാക്സിൻ എടുത്തിട്ടുണ്ട് നിങ്ങൾ പേടിക്കാതെ വന്നോളു എന്നാണ് പറയാറുള്ളത്. ഇപ്പോൾ പറയുന്നത് ഞങ്ങൾ വാക്സിൻ എടുത്തിട്ടുണ്ട് നിങ്ങൾക്ക് ഞങ്ങളുടെ വീട്ടിലേക്ക് വരാം എന്നാണ്. ഇപ്പോൾ ലോകം മുഴുവൻ കൊവിഡ് എന്ന ഭ്രാന്തന്റെ കൈപ്പിടിയിലാണ്. ഈയടുത്ത് ഒരു രസകരമായ സംഭവമുണ്ടായി. ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു റസ്റ്റോറന്റിൽ പോയി. എല്ലാവർക്കും മുഖാവരണം. വാഷ് റൂമിൽ പോകാനാണ് ഏറ്റവും പേടി. പല സ്ഥലത്തുനിന്നു വന്നവർ ഒരു വാഷ് റൂമാണ് ഉപയോഗിക്കുന്നത്. ഏറെ ശ്രദ്ധിച്ചാണ് അവിടെ പോയത്. കൈ മുട്ടുകൊണ്ട് വാഷ്റൂമിന്റെ വാതിൽ തുറന്നു. കാലു കൊണ്ട് ക്ലോസറ്റിന്റെ ഡോർ തുറന്നു. ഫ്ളഷ് അടിച്ചത് ടിഷ്യു കൈയിൽ വച്ച്. എവിടെയും കൈകൊണ്ട് സ്പർശിച്ചില്ലല്ലോ എന്ന ആശ്വാസത്തിൽ തിരികെ ടേബിളിൽ എത്തിയപ്പോഴാണ് പാന്റ് വലിച്ചിടാൻ മറന്നെന്ന കാര്യം ഓർത്തത്. പിന്നെ വീണ്ടും വാഷ് റൂമിലേക്ക് ഓടുകയായിരുന്നു. ""മലൈക കുറിച്ചു . താരത്തിന്റെ ഈ രസകരമായ അനുഭവം നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതെല്ലാം തുറന്നു പറയാൻ കാണിക്കുന്ന സിംപ്ലിസിറ്റി തന്നെയാണ് നിങ്ങളെ ഇത്രയധികം സ്നേഹിക്കുന്നതെന്ന് താരത്തിന്റെ ആരാധകർ പറയുന്നു.
ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രം മണിരത്നത്തിന്റെ ദിൽസേയിലെ 'ഛയ്യ ...ഛയ്യ .."എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ചുവടുവച്ചാണ് മലൈക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നൃത്തം ചെയ്തു.
കാന്റെ .ഇ എം ഐ എന്നീ ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ബോളിവുഡിൽ ഹിറ്റായ ദബാംഗ് എന്ന ചിത്രവും അതിന്റെ ബാക്കി രണ്ടു ഭാഗങ്ങളും മലൈക നിർമ്മിച്ചു. നടിയെന്നതിലുപരി മോഡലും ടിവി അവതാരകയുമാണ് മലൈക.