suez-canal

കെയ്റോ: ലോകത്തെ ഏറ്രവും തിരക്കേറിയ ജലപാതയായ സൂയസ് കനാലിൽ ഗതാഗത തടസം സൃഷ്ടിച്ച് മൂന്ന് ദിവസത്തിലേറെയായി കുടുങ്ങിക്കിടക്കുന്ന ജാപ്പനീസ് കപ്പലായ എവർഗ്രീനിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. 25 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവരെല്ലാം തന്നെ സുരക്ഷിതരാണെന്ന് കപ്പൽ കമ്പനി അധികൃതർ അറിയിച്ചു. ഈജിപ്തുകാരായ രണ്ട് പൈലറ്റുമാരും കപ്പലിലുണ്ട്. ചൊവ്വാഴ്ച രാവിലെ 7.45ഓടെയാണ് കപ്പൽ കനാലിൽ കുടുങ്ങിയത്.

ശക്​തമായ കാറ്റിൽ കപ്പൽ നേരെ തിരിഞ്ഞ്​ കരക്കടിയുകയായിരുന്നുവെന്ന്​ അധികൃതർ പറയുന്നു. തായ്​വാൻ ആസ്ഥാനമായുള്ള കപ്പൽ ജപ്പാനിലെ ഷൂയി ​കിസെൻ ​കയ്​ഷ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്​. ടഗ്​ ബോട്ടുകൾ ഉപയോഗിച്ച്​ ചരക്കുകപ്പൽ വലിച്ച്​ നേരെയാക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ആദ്യം ഇരു കരകളിലും ഡ്രെഡ്​ജിംഗ്​ നടത്തിയ ശേഷമാകും കപ്പൽ വലിച്ചുനേരെയാക്കുകയെന്നാണ് വിവരം. സ്​മിറ്റ്​ സാൽവേജ്​ എന്ന ഡച്ച്​ കമ്പനിയ്ക്കാണ് കപ്പൽ നീക്കുന്ന ചുമതല.

യഥാർത്ഥത്തിൽ സംഭവിച്ചത്

ചെങ്കടലിൽനിന്നു സൂയസ് കനാൽ വഴി വടക്ക് മെഡിറ്ററേനിയൻ മേഖലയിലേക്കായിരുന്നു എവർഗ്രീനിന്റെ യാത്ര. സൂയസിലേക്കു കടന്നപ്പോൾത്തന്നെ അതിശക്തമായ മണൽക്കാറ്റും കൊടുങ്കാറ്റുമുണ്ടായി. അപകടം നടക്കുന്ന സമയത്ത് മെഡിറ്ററേനിയനിലെയും ചെങ്കടലിലെയും ഒട്ടേറെ തുറമുഖങ്ങൾ കൊടുങ്കാറ്റ് കാരണം അടച്ചിട്ടിരിക്കുകയുമായിരുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു കാറ്റ് വീശിയടിച്ചത്. യാത്രയ്ക്കിടെ കാഴ്ച മറഞ്ഞതോടെ മുന്നോട്ടുള്ള പാത കാണാതായി. കപ്പൽ കനാലിനു കുറുകെ വരികയും മണൽത്തിട്ടയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.

കപ്പലിന്റെ വേഗം, ഇന്ധനക്ഷമത എന്നിവ കൂട്ടാനും സ്ഥിരത കൈവരിക്കാനും സഹായിക്കുന്ന ‘ബൽബസ് ബോ മണൽത്തിട്ടയിലേക്ക് ഇടിച്ചുകയറിയതോടെ കപ്പൽ കനാലിനു വിലങ്ങനെ പെട്ടുപോവുകയായിരുന്നു.

 എവർഗ്രീൻ

 2018ൽ നിർമ്മിച്ച എവർഗ്രീൻ ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നാണ്

 400 മീറ്ററോളം നീളം 59 മീറ്റർ വീതി

 ഒരേസമയം 20,000 കണ്ടെയ്നറുകൾ വരെ വഹിച്ചു യാത്ര ചെയ്യാനുള്ള ശേഷി

 രണ്ട് ലക്ഷം ടൺ ചരക്കുശേഷി

 കടൽ കണ്ട ട്രാഫിക് ജാം

കടലിൽ ഇന്നേവരെയുണ്ടായതിൽവച്ച് ഏറ്റവും വലിയ ഗതാഗത തടസമാണ് സൂയസ് കനാലിലുണ്ടായിരിക്കുന്നതെന്നാണ് വിദഗ്ദ്ധാഭിപ്രായം. 150ലേറെ കകപ്പലുകളാണ് സൂയസിലേക്കു കടക്കാനാകാതെ കുടുങ്ങിക്കിടക്കുന്നത്. അവയിൽ പലതും ആഫ്രിക്കൻ വൻകര ചുറ്റി തിരിച്ചുപോകാനുള്ള ശ്രമത്തിലാണ്. പക്ഷേ സൂയസ് വഴി പോകുന്നതിനേക്കാൾ 9000 കിലോമീറ്റർ അധികമാണ് ആ യാത്ര.

 സൂയിസ് കനാൽ

1869ൽ ആദ്യമായി തുറന്ന 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ്​ കനാൽ വഴിയാണ്​ ലോകത്തെ 12 ശതമാനം ആഗോള വ്യാപാരം നടക്കുന്നതെന്നാണ്​ കണക്കുകൂട്ടൽ. കടൽവഴിയുള്ള എണ്ണകടത്തിന്റെ 10 ശതമാനവും പ്രകൃതി വാതകത്തിന്റെ എട്ടുശതമാനവും ഇതുവഴി കടന്നുപോകുന്നു.