
കൊല്ലം: കൊല്ലം ജില്ലയിലെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമാണ് തെക്കേയറ്റത്തെ നിയമസഭാ മണ്ഡലമായ ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പോര്. ഇടതു, വലതുമുന്നണികളും ബി.ജെ.പിയും വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാൻ കൂട്ടാക്കുന്നില്ല എന്നതാണ് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞതവണ നിസ്സാര വോ
ട്ടുകൾക്ക് മണ്ഡലം നഷ്ടപ്പെട്ട ബി.ജെ.പി ഇത്തവണ എങ്ങനെയും ചാത്തന്നൂരിൽ താമര വിരിയിക്കാനുള്ള ഭഗീരഥപ്രയത്നത്തിലാണ്.
ഭരണനേട്ടങ്ങൾ മുൻനിറുത്തി മണ്ഡലം നിലനിറുത്താനും ഭരണത്തുടർച്ചയ്ക്കുമാണ് ഇടതുമുന്നണിയുടെ പരിശ്രമം. കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തേക്ക് തഴയപ്പെട്ടതിന്റെ ക്ഷീണം മാറ്റി രണ്ട് മുന്നണികളെയും പിന്നിലാക്കി ഇത്തവണ ഒന്നാം സ്ഥാനത്തെത്തുകയാണ് കോൺഗ്രസ് ലക്ഷ്യം. ചാത്തന്നൂരിലെ സിറ്റിംഗ് എം.എൽ.എയായ ജയലാലാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. എസ്.എൻ.ഡി.പി യൂണിയൻ നേതാവ് കൂടിയായ ബി.ബി. ഗോപകുമാറാണ് ഇത്തവണയും ബി.ജെ.പി സ്ഥാനാർത്ഥി. മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പീതാംബരക്കുറുപ്പാണ് കോൺഗ്രസ് സ്ഥാനാർത്ഥി.
പ്രമുഖ പാർട്ടികൾക്ക് നിർണായക സ്വാധീനം
പരവൂർ മുനിസിപ്പാലിറ്റിയും ആറ് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ചാത്തന്നൂർ നിയമസഭാ മണ്ഡലം. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ തുടങ്ങിയ പാർട്ടികൾക്ക് മണ്ഡലത്തിൽ നിർണായക സ്വാധീനമുണ്ട്. 2016ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാലാണ് ചാത്തന്നൂരിൽ നിന്ന് നിയമസഭയിലെത്തിയത്. ഈഴവ, നായർ സമുദായങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ സാമുദായിക സ്വാധീനത്തിനൊപ്പം ക്രിസ്ത്യൻ - മുസ്ളിം ന്യൂനപക്ഷങ്ങളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളും നിർണായകമാകും. ചാത്തന്നൂരിൽ നിന്ന് വിജയിച്ചവരധികവും ഭരണപക്ഷത്തിരിക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ്. ഒരിക്കൽ മാത്രമാണ് ആ പതിവ് തെറ്റിയത്. 2011ൽ ജി.എസ്. ജയലാൽ ആദ്യമായി മത്സരിച്ചപ്പോൾ വിജയം ജയലാലിനായിരുന്നെങ്കിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നു. ഏറെ വർഷങ്ങൾക്ക് മുമ്പ് സമാനമായി ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥിയായ തങ്കപ്പൻ പിള്ള വിജയിക്കുകയും ചെയ്തെങ്കിലും അത്തവണ സഭ ചേരാതെ പിരിച്ചുവിട്ട സാഹചര്യവുമുണ്ടായി.
ആറ് പഞ്ചായത്തുകളും പരവൂർ മുൻസിപ്പാലിറ്റിയും
1. പരവൂർ മുനിസിപ്പാലിറ്റി
2. ഗ്രാമപഞ്ചായത്തുകൾ: കല്ലുവാതുക്കൽ, പൂതക്കുളം, ചാത്തന്നൂർ, ചിറക്കര, ആദിച്ചനല്ലൂർ, പൂയപ്പള്ളി
# ആദ്യ തിരഞ്ഞെടുപ്പ്: 1965
# ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്: തങ്കപ്പൻപിള്ള (സ്വത.)
# 2016ൽ തിരഞ്ഞെടുക്കപ്പെട്ടത്: ജി.എസ്. ജയലാൽ (സി.പി.ഐ)
#ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവർ: തങ്കപ്പൻപിള്ള, പി. രവീന്ദ്രൻ, ജെ. ചിത്തരഞ്ജൻ, സി.വി. പത്മരാജൻ, പ്രതാപവർമ്മ തമ്പാൻ, എൻ. അനിരുദ്ധൻ, ജി.എസ്. ജയലാൽ
#രണ്ടുതവണ വിജയിച്ചവർ: പി. രവീന്ദ്രൻ, ജെ. ചിത്തരഞ്ജൻ, സി.വി. പത്മരാജൻ, ജി.എസ്. ജയലാൽ
# മന്ത്രിയായവർ: ജെ. ചിത്തരഞ്ജൻ, സി.വി. പത്മരാജൻ
# പ്രമുഖ സമുദായങ്ങൾ: ഈഴവ, നായർ, മുസ്ലിം, ക്രിസ്ത്യൻ
2016ലെ തിരഞ്ഞെടുപ്പ് ചിത്രം
മത്സരിച്ചവർ: ജി.എസ്. ജയലാൽ (സി.പി.ഐ), ബി.ബി. ഗോപകുമാർ (ബി.ജെ.പി), ശൂരനാട് രാജശേഖരൻ (കോൺഗ്രസ്), രാജു (സ്വത.), എ. സലിംരാജ് (ബി.എസ്.പി), വേലായുധൻപിള്ള (എസ്.എച്ച്.എസ്), എൽ. ജയകല (എ.പി.ഒ.ഐ)
പ്രധാനസ്ഥാനാർത്ഥികളും വോട്ടും
ജി.എസ്. ജയലാൽ: 67,606
ഭൂരിപക്ഷം: 34,407
ബി.ബി. ഗോപകുമാർ (ബി.ജെ.പി): 33,199
ശൂരനാട് രാജശേഖരൻ (കോൺഗ്രസ്): 30,139
# ആകെ വോട്ട് ചെയ്തവർ: 1,33,199
# വോട്ടിംഗ് ശതമാനം: 74.03