
മുംബയ്: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മാഗസിനായ 'ദ ഇല്ലസ്ട്രേറ്റഡ് വീക്കിലി'യുടെ പത്രാധിപരും എഴുത്തുകാരനുമായ അനിൽ ധർകർ (74) അന്തരിച്ചു.
ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടർന്ന് മുംബയ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അഞ്ചു പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിൽ കോളമിസ്റ്റ്, എഴുത്തുകാരൻ, ആർക്കിടെക്റ്റ്, ഫിലിം സെൻസർ ബോർഡ് അംഗം, വാർത്താ അവതാരകൻ, പ്രൊഡ്യൂസർ എന്നീ നിലകളിൽ പ്രാഗല്ഭ്യം തെളിയിച്ചു. മിഡ് ഡേ, ദി ഇൻഡിപെൻഡന്റ് എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ എഴുതിയിരുന്നു. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്ര മുഖ്യവിഷയമായ
'ദ റൊമാൻസ് ഓഫ് സാൾട്ട് "എന്ന കൃതിയുടെ രചയിതാവാണ്.
'സോറി, നോട്ട് റെഡി: ടെലിവിഷൻ ഇൻ ദി ടൈം ഓഫ് പി. എം. ദർശൻ, പോസിബിൾ ഡ്രീം: ദി സ്റ്റോറി ഓഫ് ഇ സ്റ്റാൻഡേർഡ് ചാർട്ടേഡ് മുംബയ് മാരത്തൺ, ഐക്കൺസ്: മെൻ ആൻഡ് വിമൻ ഹു ഷെയ്പ്ഡ് മോഡേൺ ഇന്ത്യ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ. വ്യവസായി ഒ.പി ജിൻഡാലിന്റെ ജീവചരിത്രവുമെഴുതി.
മുംബയ് സാഹിത്യോത്സവ സ്ഥാപകനായ ധർകർ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്, ദൂരദർശൻ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഒഫ് ഇന്ത്യ എന്നിവയുടെ ഉപദേശകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സൗത്ത് മുംബയിലെ ആകാശവാണി ഓഡിറ്റോറിയം ആർട്ട് മൂവി തിയേറ്ററാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു.
കോൺഗ്രസ് നേതാവ് ശശിതരൂർ, പ്രസൂൺ ജോഷി, ശോഭ ഡേ തുടങ്ങിയവർ അനുശോചനം അറിയിച്ചു.