crocodile-eats-shark

കാന്‍ബെറ: സാധാരണ ഗതിയില്‍ മുതലകള്‍ ശുദ്ധജലത്തില്‍ മാത്രം ജീവിക്കുന്ന ജീവിയാണ്. ആ നിലക്ക് കടലില്‍ ജീവിക്കുന്ന സ്രാവും ജലാശയങ്ങളിലെ കരുത്തന്മാരായ മുതലയും തമ്മിലൊരു സംഘര്‍ഷം ഉണ്ടാകാന്‍ തന്നെ ഇടയില്ലാത്തതാണ്. പക്ഷേ അതാണ് ഓസ്‌ട്രേലിയയിലെ നോര്‍ത്ത് ക്വീന്‍സ്‌ലാന്‍ഡില്‍ സംഭവിച്ചിരിക്കുന്നത്. മാര്‍ക് സിംബിക്കി എന്ന ഗവേഷകനാണ് ആ ചിത്രം പകര്‍ത്തിയെടുത്തക്. 680 കിലോവരുന്ന മുതല 45 കിലോ വരുന്ന ഒരു കുഞ്ഞന്‍ സ്രാവിനെ തന്റെ വായ്ക്കുള്ളിലാക്കുന്നതിന്റെ വിവിധ ദൃശ്യങ്ങളാണ് അദ്ദേഹം പകര്‍ത്തിയത്.

എങ്ങനെ മുതല കടലില്‍ എത്തിയെന്നതാണ് ചിത്രം കാണുന്നവരെ അത്ഭുതപ്പെടുത്തുന്ന ചോദ്യം. ആഴ്ചകള്‍ക്ക് മുമ്പ് കനത്ത മഴയില്‍ നോര്‍ത്ത് ക്വീന്‍സ്‌ലാന്‍ഡിലെ നിരവധി ഡാമുകള്‍ തുറന്നു വിട്ടയിരുന്നു. ഇതിലൂടെയാകാം തീരമേഖലയില്‍ മുതല എത്തിയതെന്നാണ് കരുതപ്പെടുന്നത്. എന്തായാലും അപ്രതീക്ഷിതമായി കിട്ടിയ ഫോട്ടോയുടെ ആവേശത്തിലാണ് മാര്‍കും കൂട്ടുകാരും. അതേസമയം മുതലയെ തീരപ്രദേശത്ത് കണ്ടെത്തിയത് പ്രദേശവാസികളില്‍ ആശങ്കയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്ഥലത്ത് എത്തിയ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ മുതലക്ക് വേണ്ടിയുള്ള തിരച്ചിലിലാണ്.