
അങ്കാര: തുർക്കി സന്ദർശനത്തിന് എത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിയോട് ഉയിഘൂർ മുസ്ലിംങ്ങളുടെ പ്രശ്നമുന്നയിച്ച് തുർക്കി സർക്കാർ. ഉയിഘൂറുകൾക്കെതിരെയുള്ള ചൈനീസ് നടപടികൾക്കെതിരെ നൂറുക്കണക്കിനാളുകൾ അങ്കാരയിൽ തെരുവിലിറങ്ങിയ പശ്ചാത്തലത്തിലാണിത്. തുർക്കി വംശജരാണ് ഉയിഘൂറുകൾ. നിരവധി ഉയിഘൂർ മുസ്ലിംകൾ തുർക്കിയിൽ കഴിയുന്നുണ്ട്. ഇവരെ തിരിച്ചയക്കാൻ ചൈനയുമായി തുർക്കി കരാറൊപ്പിട്ടുവെന്ന വാർത്തകൾക്കിടയിലാണ് അങ്കാരയിലെ പ്രതിഷേധം. കഴിഞ്ഞ ഡിസംബറിലാണ് ചൈനയുമായി തുർക്കി കരാറിലേർപ്പെടുന്നത്. എന്നാൽ, ഇത് ഒരു സാധാരണ കരാറാണെന്നും ഉയിഘൂറുകളെ തിരിച്ചയക്കാനുള്ളതല്ലെന്നുമാണ് തുർക്കി സർക്കാർ പറയുന്നത്. കൊവിഡ് വാക്സിനായി തുർക്കി ചൈനയെ ആശ്രയിക്കുന്നുണ്ട്. ഈ ഇടപാടിന്റെ മറപിടിച്ച് തുർക്കിയിലുള്ള ഉയിഘൂറുകൾക്കെതിരെ ചൈന നീക്കം നടത്തുമോ എന്ന ആശങ്കയും പ്രതിഷേധത്തിന് പിന്നിലുണ്ട്