
കഥയും കഥാപാത്രങ്ങളും പൂർണമായും സങ്കല്പികമാണ് എന്ന് വിശദീകരിക്കുന്ന കാർഡോട് കൂടിയാണ് മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി എത്തുന്ന 'വൺ' ആരംഭിക്കുന്നത്. പ്രേക്ഷകനിൽ ആകാംക്ഷ ജനിപ്പിക്കാനും അവന്റെ ശ്രദ്ധ പിടിച്ചുപറ്റാനും തുടക്കത്തിലെ സീനുകൾക്ക് സാധിക്കുന്നുണ്ട്. ശേഷം വരുന്ന മമ്മൂട്ടിയുടെ ഇൻട്രോ സീനും സിനിമാ ഹാളിൽ വൻ ആവേശം സൃഷ്ടിക്കാൻ പര്യാപ്തം തന്നെ. എന്നാൽ സിനിമ പുരോഗമിക്കുമ്പോഴാണ് തുടക്കത്തിൽ പരാമർശിച്ച 'സാങ്കല്പികം കാർഡി'നോട് 'വൺ' കാര്യമായ നീതിയൊന്നും കാട്ടാൻ ഉദ്ദേശിക്കുന്നില്ല എന്ന് ബോദ്ധ്യപ്പെടുക.
സിനിമ മുന്നോട്ട് പോകുംതോറും സിനിമയിലെ മുഖ്യമന്ത്രിക്ക് യഥാർത്ഥ മുഖ്യമന്ത്രിയുമായി അൽപ്പം സാമ്യം തോന്നുകയാണെങ്കിൽ തെറ്റ് പറയാൻ കഴിയില്ല. ഇത് എല്ലാത്തരം പ്രേക്ഷകനും രസിച്ചുകൊള്ളണമെന്നുമില്ല. കർക്കശക്കാരനായ, സാധാരണക്കാരൻ അടുക്കാൻ മടിക്കുന്ന മുഖ്യമന്ത്രിയാണ് 'വണ്ണി'ൽ മമ്മൂട്ടി. കടുപ്പമുള്ള പ്രകൃതമുള്ള ആളാണ് കടയ്ക്കൽ ചന്ദ്രനെന്ന് വ്യക്തമാക്കാനായി 'അറസ്റ്റ് ചെയ്താലും കുഴപ്പമില്ല, മുഖ്യമന്ത്രിയുടെ അടുത്തേക്ക് തന്നെ കൊണ്ടുപോകരുതെ'ന്ന് ഒരു കഥാപാത്രത്തെകൊണ്ട് തിരക്കഥാകൃത്ത് പറയിപ്പിക്കുന്നുപോലുമുണ്ട്. ചന്ദ്രനെ ധീരവീര നായകനായി കാട്ടുന്ന ഡയലോഗുകളും രംഗങ്ങളും ചിലപ്പോഴൊക്കെ കല്ലുകടിയായി മാറുന്നുമുണ്ട്.

ആദർശവാനായ, കളങ്കമേതുമില്ലാത്ത, നെറ്റിയിൽ ഒരു മുറിപ്പാടുള്ള കടയ്ക്കൽ ചന്ദ്രൻ, പ്രതിപക്ഷത്തിരിക്കുന്ന നേതാക്കളിൽ നിന്നും, സ്വന്തം പാർട്ടി/മുന്നണിയിൽ നിന്നുപോലും നിരന്തരം എതിർപ്പുകൾ നേരിടുന്ന മുഖ്യമന്ത്രിയാണ്. ജനങ്ങളുടെ നന്മ ഉദ്ദേശിച്ചുകൊണ്ടുള്ള നയങ്ങളുമായി മുന്നോട്ട് പോകുന്നതും അതിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറാകാത്തതുമാണ് ഈ എതിർപ്പുകൾക്കുള്ള കാരണം. ചന്ദ്രന്റെ നിലപാടുകൾ തങ്ങൾക്ക് ഭീഷണിയായി വരുമെന്ന് ഭയപ്പെടുന്ന ഈ നേതാക്കൾ അയാൾക്കെതിരെ കരുക്കൾ നീക്കാൻ തുടങ്ങുന്നു. എന്നാൽ എതിർപ്പുകളെയും തടസങ്ങളെയും തട്ടിത്തെറിപ്പിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയാണ് ഈ മുഖ്യമന്ത്രി.
ശരിക്കും ഒരു സൂപ്പർഹീറോ തന്നെയാണ് മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ. തനിക്ക് ചുറ്റുമുള്ള ആളുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കി അവിടേക്ക് ഓടിയെത്താനും അവയ്ക്ക് മിന്നൽ വേഗത്തിൽ പരിഹാരം കണ്ടെത്തി അവരെ സംരക്ഷിക്കാനും അയാൾക്ക് സാധിക്കുന്നു. തനിക്കൊപ്പം നിൽക്കുന്ന ചെറുപ്പക്കാരന്റെ കുടുംബം അപകടത്തിൽപെടുമ്പോഴും, കെഎസ്ആർടിസി ബസിന്റെ ചില്ലുകൾ തകർക്കപ്പെടുമ്പോഴും മുഖ്യമന്ത്രി രക്ഷകനായി അവിടെയെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട്. യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത ഇത്തരം രംഗങ്ങൾ സിനിമയിൽ അവിടെയിവിടെയായി സംവിധായകനും തിരക്കഥാകൃത്തും കുത്തിനിറച്ചിട്ടുമുണ്ട്. മമ്മൂട്ടിയെന്ന മെഗാസ്റ്റാറിനെ കൃത്യമായി ഉപയോഗപ്പെടുത്തുക എന്നതാണ് ഉദ്ദേശമെങ്കിലും ചിലപ്പോഴൊക്കെ അത് പ്രേക്ഷകനെ നിരാശപ്പെടുത്തുന്നുണ്ട്.

സൂപ്പർഹീറോയായ ഈ മുഖ്യമന്ത്രിക്ക് എതിര് നിൽക്കാൻ കരുത്തനായ ഒരു വില്ലൻ ഇല്ലെന്നുളത് 'വണ്ണി'ന്റെ വലിയൊരു പോരായ്‌മാണ്. ഈ കടമ നിർവഹിക്കാനായി മുരളി ഗോപി, അലൻസിയർ, സുധീർ കരമന തുടങ്ങിയവരുടെ കഥാപാത്രങ്ങളുടെ നീണ്ട നിര തന്നെ സിനിമയിലുണ്ടെങ്കിലും കടയ്ക്കലിന്റെ കരുത്തിനെ തടയാൻ പോന്ന വെല്ലുവിളി ഉയർത്താൻ ഇവർക്കാർക്കും സാധിക്കുന്നില്ല. ഇന്റർവെല്ലിലേക്ക് അടുക്കുന്ന സമയത്ത് മമ്മൂട്ടിയുടെ കഥാപാത്രം വലിയൊരു പ്രതിസന്ധി നേരിടുന്നതായി കാട്ടുന്ന ഒരു രംഗമുണ്ട് സിനിമയിൽ. എന്നാൽ പിന്നീടങ്ങോട്ട് ഇതേക്കുറിച്ച് കാര്യമായൊന്നും ചിത്രം പരാമർശിക്കാത്തത് നവാഗത സംവിധായകനായ സന്തോഷ് വിശ്വനാഥിന്റെ ഭാഗത്തുനിന്നും സംഭവിച്ച ജാഗ്രതയില്ലായ്മയായി കാണേണ്ടിവരും.

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ഏറെ ഗുണമൊന്നും ചെയ്യുന്നില്ല. ബിജിഎമ്മോട് കൂടിയുള്ള കടയ്ക്കലിന്റെ സ്ലോ മോഷൻ നടത്തങ്ങൾ സിനിമയുടെ തുടക്കത്തിൽ പ്രേക്ഷകനെ ആവേശം കൊള്ളിക്കുമെങ്കിലും പിന്നീടുള്ള അതിന്റെ അമിതോപയോഗം കാഴ്ചക്കാരനിൽ മടുപ്പാണുണ്ടാക്കുക. സിനിമയുടെ അവസാന രംഗം അൽപ്പം കൗതുകം ജനിപ്പിക്കുന്നതാണ്. ഉടൻ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണോ ഇത്തരത്തിലൊരു രംഗം സിനിമയിൽ ഉൾപ്പെടുത്തിയതെന്ന സംശയം ന്യായമായും പ്രേക്ഷകന് ഉണ്ടായേക്കാം.
ഈ പോരായ്മകൾ അവഗണിക്കുകയാണെങ്കിൽ ചിത്രം മോശമല്ലാത്ത ഒരു എന്റർടെയിനറാണ്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പാർട്ടി സെക്രട്ടറി ബേബിയായി ജോജു ജോർജും ആസ്വാദ്യമായ അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്. പ്രധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സലിം കുമാറിന്റെയും മാത്യു തോമസിന്റെയും പ്രകടനങ്ങളും തൃപ്തികരം തന്നെ. അതേസമയം കടയ്ക്കൽ ചന്ദ്രന്റെ സഹോദരിയായി എത്തുന്ന നിമിഷ സജയന് സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ല. ചിത്രത്തിലെ കഥാപാത്രബാഹുല്യം ഒരു കുറവായി തോന്നുമെങ്കിലും ബോബി-സഞ്ജയ് ടീമിന്റെ ഒതുക്കമുള്ള തിരക്കഥ ആ കുറവ് ഏറെക്കുറെ നികത്തുന്നുണ്ട്.
വാൽക്കഷ്ണം: രാഷ്ട്രീയം മാറ്റിവച്ച് സിനിമ കാണുക.