
മുംബയ്: മുംബയിലെ ഭാണ്ഡുപിലെ സൺറൈസ് കൊവിഡ് ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. ഡ്രീംസ് മാളിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 12.30ഓടെയാണ് തീ പടർന്നു പിടിച്ചത്.
ആ സമയം 76ഓളം കൊവിഡ് രോഗികൾ ചികിത്സയിലുണ്ടായിരുന്നു.
വെന്റിലേറ്ററിലായിരുന്ന ഏഴുപേർ അടക്കം പത്തുപേരാണ് പുകയിൽ ശ്വാസംമുട്ടിയും പൊള്ളലേറ്റും മരിച്ചത്.
ആശുപത്രിക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്ന വിവരം പുറത്തുവന്ന് മണിക്കൂറുകൾക്കകം മരണസംഖ്യ ഉയരുകയായിരുന്നു.
എന്നാൽ തീപിടിത്തമല്ല മരണകാരണമെന്നും കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നവരാണ് മരിച്ചതെന്നും സൺറൈസ് ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കൂടാതെ മൃതദേഹങ്ങൾ പുറത്തെത്തിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
22ഓളം ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണം വ്യക്തമല്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യമായാണ് ഒരു മാളിൽ ആശുപത്രി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും ഇത് ഗുരുതരമായ സംഭവമാണെന്നും മുംബയ് മേയർ കിശോരി പെഡ്‌നേകർ പറഞ്ഞു.
എന്നാൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് താത്കാലിക ആശുപത്രികൾക്ക് സർക്കാർ പ്രവർത്തനാനുമതി കൊടുത്തിരുന്നുവെന്നാണ് വിവരം.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചുലക്ഷം രൂപാവീതം ധനസഹായം നൽകുമെന്നും പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരും അനുശോചിച്ചു. നഗരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നതിനിടെയാണ് അപകടം. 5,504 പേർക്കാണ് വ്യാഴാഴ്ച മുംബയിൽ കൊവിഡ് സ്ഥിരീകരിച്ചത്.