
അന്തരിച്ച തമിഴ് നടൻ തീപ്പെട്ടി ഗണേശന്റെ കുട്ടികളെ സംരക്ഷിക്കാമെന്ന് സംവിധായകനും നടനുമായി രാഘവ ലോറൻസ്. ബില്ല 2, നീർ പാർ വൈ, കോലമാവ് കോകില, തേൻമേർക്കു പരുവക്കാട്ര് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച തീപ്പെട്ടി ഗണേശൻ തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന കാരണത്താൽ സിനിമ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2019ൽ പുറത്തിറങ്ങിയ സീനു രാമസ്വാമിയുടെ കണ്ണെ കലൈമാനെ എന്ന ചിത്രത്തിലാണ് തീപ്പെട്ടി ഗണേശൻ അവസാനമായി അഭിനയിച്ചത്. ലോക്ഡൗൺ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ അജിത്താണ് തന്നെ സഹായിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. നേരത്തെയും രാഘവ ലോറൻസ് ഗണേശനെ സഹായിച്ചിരുന്നു. സ്‌നേഹൻ തുടങ്ങിയ താരങ്ങളും തീപ്പെട്ടി ഗണേശന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകിയിരുന്നു.