
ചെന്നൈ: ഏപ്രിൽ ആറിന് നിശ്ചയിച്ചിരിക്കുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനാകുമോ എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് മദ്രാസ് ഹൈക്കോടതി ആരാഞ്ഞു.
ബി.ജെ.പി ആധാർ കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.
ആധാർ കാർഡുകളുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറുകൾ കണ്ടെത്തുകയും അവയിലേക്ക് ബൂത്ത് തലത്തിൽ വോട്ടർമാരെ ബന്ധിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന ലിങ്കുകൾ അയയ്ക്കുകയും ചെയ്തുവെന്നാണ് പരാതി.
തിരഞ്ഞെടുപ്പ് എന്തുകൊണ്ട് മാറ്റിവയ്ക്കാനാവില്ലെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട ഹൈക്കോടതി, വിഷയത്തിൽ അന്വേഷണം നടത്താനും പൂർണമായ റിപ്പോർട്ട് മാർച്ച് 30ന് മുമ്പ് സമർപ്പിക്കാനും നിർദ്ദേശം നൽകി.