
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഉറപ്പാക്കുമെന്ന് ഒ.ഐ.സി.സി അന്തർ ദേശീയ ഓർഗനൈസിങ് ജനറൽ സെക്രട്ടറി കുമ്പളത്ത് ശങ്കരപ്പിളള. എല്ലാ മണ്ഡലങ്ങളിലും പ്രവാസിവോട്ടുകൾ നിർണായകമാകും. പ്രവാസികളെ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തൽ കൂടിയാകും ഈ തിരഞ്ഞെടുപ്പ്. പ്രവാസിയുടെ പ്രതിസന്ധി കാലത്ത് ഇടതുപക്ഷ സർക്കാരിന് ക്രിയാത്മകമായി ഇടപെടാൻ കഴിഞ്ഞില്ല. പ്രഖ്യാപനങ്ങളെല്ലാം പാഴ് വാക്കുകൾ മാത്രമായിരുന്നു. ഇതിനിതെരായ വിലയിരുത്തൽ തിരഞ്ഞെടുപ്പിൽ ഉണ്ടാകും.
യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമായ സാഹചര്യമാണ് എല്ലാ മണ്ഡലങ്ങളിലുമുളളത്. യു.ഡി.എഫ് സ്ഥാനാർത്ഥിയ്‌ക്കായി എല്ലാ മണ്ഡലങ്ങളിലെയും പ്രവാസികളേയും അവരുടെ കുടുംബാംഗങ്ങളെയും നേരിൽകണ്ടുള്ള വോട്ട് അഭ്യർത്ഥന രണ്ടാം ഘട്ടത്തിലെത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തോടൊപ്പം മികച്ച സ്ഥാനാർത്ഥികളെയും യു.ഡി.എഫ് കണ്ടെത്തിയതോടെ വിജയം ഉറപ്പായെന്നും കുമ്പളത്ത് ശങ്കരപ്പിളള പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കനായി നടന്ന ഭവന സന്ദർശന പരിപാടികൾക്ക് കുമ്പളത്ത് ശങ്കരപ്പിളള, ഒമാൻ ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് സജി ഔസേപ്പ് പിച്ചകശേരി, നതീർ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.