
ആഡിസ് അബാബ: 1187 ഡിഗ്രി സെൽഷ്യസിൽ തിളച്ചുമറിയുന്ന ലാവ തടാകം ലോഹക്കയറിലൂടെ നടന്ന് അനായാസേന മുറിച്ച് കടന്ന് ഗിന്നസ് വേൾഡ് ഒഫ് റെക്കോഡ്സിൽ ഇടം നേടിയിരിക്കുകയാണ് ബ്രസീൽ സ്വദേശിനിയായ ഡോ. കരീന ഒലിയാനി എന്ന 38 കാരി. എത്യോപ്യയിലെ ഏറ്രവും വലിയ സജീവ അഗ്നിപർവതമായ എർട്ട അലേയിലെ ലാവത്തടാകമാണ് കരീന മുറിച്ചു കടന്നത്.
എവറസ്റ്റ് കൊടുമുടി കീഴടക്കിയ പ്രായം കുറഞ്ഞ ബ്രസീലുകാരി, രണ്ടു വശത്തു നിന്നും എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ലാറ്റിനമേരിക്കക്കാരി, മൗണ്ട് കെ ടു കയറിയ ആദ്യ ബ്രസീലുകാരി, അനകോണ്ടയ്ക്കും ജയന്റ് വൈറ്റ് ഷാർക്കിനുമൊപ്പം നീന്തിയ വനിത എന്നിങ്ങനെ ഒട്ടേറെ സാഹസിക ബഹുമതികൾ കരീന സ്വന്തമാക്കിയിട്ടുണ്ട്.
തടാകത്തിനു കുറുകെ വലിച്ചുകെട്ടിയ ലോഹക്കയറിലൂടെ 100,58 മീറ്റർ ദൂരമാണ് കരീന സഞ്ചരിച്ചത്. തുടർച്ചയായി പൊട്ടിത്തെറിക്കുന്ന അഗ്നിപർവതത്തിന്റെ ക്രേറ്റർ ഗർത്തം സ്ഥിരമായി ഉരുകിയൊലിക്കുന്ന ലാവ നിറഞ്ഞതാണ്. എർട്ട അലേയ്ക്ക് 613 മീറ്റർ (2,011 അടി) ഉയരമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ദുഷ്കരമായ ട്രെക്ക് റൂട്ടുകളിലൊന്നാണിവിടം.
ലോഹ വടം വലിച്ചു കെട്ടുന്നതിനായി ഇതിൽ വിദഗ്ദ്ധനായ കാനഡ സ്വദേശി ഫ്രെഡറിക് ഷുറ്റ് കരീനയെ സഹായിച്ചു. ലാവ തടാകത്തിന്റെ പല ഭാഗത്ത് ഉറപ്പിച്ച കമ്പികളിലേക്ക് ലോഹ വടം വലിച്ചു കെട്ടി സുരക്ഷിതത്വവും ഉറപ്പാക്കിയിരുന്നു.