
ന്യൂഡൽഹി : അടുത്തവർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏഷ്യൻ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള മത്സരവേദികൾക്ക് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എ.എഫ്.സി) അംഗീകാരം. നവി മുംബയ്, ഭുവനേശ്വർ, അഹമ്മദാബാദ് എന്നിവിടങ്ങളാണു വേദികൾ. മുംബൈയിൽ ഡി.വൈ. പാട്ടീൽ സ്റ്റേഡിയം, ഭുവനേശ്വറിൽ കലിംഗ, അഹമ്മദാബാദിൽ ട്രാൻസ്റ്റേഡിയ എന്നിവയാണു ഗ്രൗണ്ടുകൾ. 2022 ജനുവരി 20 മുതൽ ഫെബ്രുവരി 6 വരെയാണ് ഏഷ്യൻ കപ്പ്.
2017ൽ അണ്ടർ 17 ഫിഫ ലോകകപ്പിനു വേദിയായതാണു ഡി,വൈ.പാട്ടീൽ. മറ്റു രണ്ടു സ്റ്റേഡിയങ്ങൾക്കും ഇതു വൻവേദിയാകാനുള്ള ആദ്യ അവസരമാണ്. ഏഷ്യൻ കപ്പിനുള്ള യോഗ്യതാ മത്സരങ്ങൾ കേന്ദ്രീകൃത വേദികളിൽ ഈവർഷം സെപ്റ്റംബർ 13 മുതൽ 25 വരെ നടത്തും. മത്സരക്രമം മേയ് 27നു തീരുമാനിക്കും.