
ലണ്ടൻ : ലോകകപ്പ് ഫുട്ബാളിന്റെ യൂറോപ്യൻ മേഖലാറൗണ്ട് മത്സരങ്ങളിൽ ഇംഗ്ളണ്ടിനും ഇറ്റലിക്കും ജർമ്മനിക്കും വിജയത്തുടക്കം.മുൻ ലോകചാമ്പ്യന്മാരായ സ്പെയ്ൻ ആദ്യ മത്സരത്തിൽ സമനില വഴങ്ങി.
മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ദുർബലരായ സാൻ മരീനോയെയാണ് ഇംഗ്ളണ്ട് തോൽപ്പിച്ചത്. ഇരട്ടഗോളുകളടിച്ച കാൾവെൽറ്റ് ലെവിനും ഓരോഗോൾ നേടിയ വാർഡ് പ്രോവ്സും റഹിം സ്റ്റെർലിംഗും വാറ്റ്കിൻസുമാണ് ഗോളുകൾ നേടിയത്. 14-ാം മിനിട്ടിൽ വാർഡ് പ്രോവ്സിലൂടെയാണ് ഇംഗ്ളണ്ടിനായി സകോറിംഗ് തുടങ്ങിവച്ചത്.21-ാം മിനിട്ടിലും ,53-ാം മിനിട്ടിലും കാൾവെൽറ്റ് ലെവിൻ വലകുലുക്കി.31-ാം മിനിട്ടിലായിരുന്നു സ്റ്റെർലിംഗിന്റെ ഗോൾ.83-ാം മിനിട്ടിൽ വാറ്റ്കിൻസ് പട്ടിക പൂർത്തിയാക്കി.
ജർമ്മനി എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഐസ്‌ലാൻഡിനെയാണ് കീഴടക്കിയത്.ആദ്യ ഏഴുമിനിട്ടിനുള്ളിൽത്തന്നെ മുൻ ലോകചാമ്പ്യന്മാർ രണ്ട് ഗോളുകൾ നേടിയിരുന്നു. മൂന്നാം മിനിട്ടിൽ ഗൊയേസ്കയിലൂടെയാണ് ജർമ്മനി മുന്നിലെത്തിയിരുന്നത്. ഏഴാം മിനിട്ടിൽ ഹാവർട്ട്സും വലകുലുക്കി. 56-ാം മിനിട്ടിൽ ഇക്കേയ് ഗുണ്ടോഗനാണ് പട്ടിക പൂർത്തിയാക്കിയത്.
ഇറ്റലി മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് വടക്കൻ അയർലാൻഡിനെയാണ് തോൽപ്പിച്ചത്. 14-ാം മിനിട്ടിൽ ബെരാർഡിയും 38-ാം മിനിട്ടിൽ സിറോ ഇമ്മൊബെയ്‌ലുമാണ് ഇറ്റലിക്ക് വേണ്ടി സ്കോർ ചെയ്തത്. ഗ്രീസുമായി 1-1നാണ് സ്പെയ്ൻ സമനിലയിൽ പിരിഞ്ഞത്.33-ാം മിനിട്ടിൽ മൊറാട്ട നേടിയ ഗോളിന് സ്പെയ്നാണ് ആദ്യം ലീഡ് ചെയ്തത്. 56-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ബക്കെസെതാസ് കളി സമനിലയിലാക്കി.
വൻകരയിലെ മറ്റ് യോഗ്യതാറൗണ്ട് മത്സരങ്ങളിൽ റൊമേനിയ 3-2ന് നോർത്ത് മാസിഡോണിയയെയും സ്വീഡൻ 1-0ത്തിന് അർമേനിയയെയും തോൽപ്പിച്ചു.സ്കോട്ട് ലാൻഡ് ആസ്ട്രിയയുമായി 2-2നും ഹംഗറി പോളണ്ടുമായി 3-3നും സമനിലയിൽ പിരിഞ്ഞു.