
കാസർകോട്: വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി കാല് തല്ലിയൊടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂന്നു പേരെ തിരയുന്നു.
മുട്ടത്തൊടി വലിയമൂല തൈവളപ്പ് സഹല മൻസിലിൽ അബ്ദുൽ അസ്ലം കൊറക്കോടി (40) നെയാണ് വിദ്യാനഗർ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ആലംപാടി എർമാളം സഫ മൻസിലിലെ ഷിബിലി(27)നെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചെന്നാണ് കേസ്. വധശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സംഘത്തിനെതിരെ കേസെടുത്തിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെയാണ് വീട്ടിലെത്തിയ സംഘം ഷിബിലിയെ കാറിൽ തട്ടിക്കൊണ്ടു പോയത്. തുടർന്ന് കാൽ തല്ലിയൊടിച്ച ശേഷം അനന്തപുരത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പണമിടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. പരിക്കേറ്റ ഷിബിലി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ വിനോദ്, സിയാദ്, നിഷാന്ത് എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.